Congress| പുനഃസംഘടനയിൽ ഹൈക്കമാൻഡിനെ നിലപാട് അറിയിച്ചു; ഉമ്മൻചാണ്ടിക്ക് പിന്നാലെ ചെന്നിത്തല

By Web TeamFirst Published Nov 17, 2021, 7:26 PM IST
Highlights

രാഷ്ട്രീയകാര്യ സമിതി ഉപദേശകസമിതി മാത്രമാണോയെന്നതില്‍ എഐസിസി വ്യക്തത വരുത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പുനഃസംഘടനയിൽ ഹൈക്കമാൻഡിനെ നിലപാട് അറിയിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാൻഡിനെ ഉമ്മൻ ചാണ്ടി കാര്യങ്ങൾ ധരിപ്പിച്ചെന്നും താനും നിലപാട് വ്യക്തമാക്കിയെന്നാണ് തിരുവനന്തപുരത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെ ചെന്നിത്തല വിശദീകരിച്ചത്. എന്നാൽ താൻ എന്തൊക്കെ കാര്യങ്ങളാണ് ഹൈക്കമാൻഡിനോട് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

അതേസമയം നേരത്തെ കെപിസിസി പുനസംഘടനയിലും, അച്ചടക്ക നടപടികളിലുമുള്ള കടുത്ത അതൃപ്തി ഉമ്മന്‍ചാണ്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചെന്നാണ് വിവരം. രാഷ്ട്രീയകാര്യ സമിതി ഉപദേശകസമിതി മാത്രമാണോയെന്നതില്‍ എഐസിസി വ്യക്തത വരുത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെയും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെയും പ്രവര്‍ത്തന ശൈലിയില്‍ ഗ്രൂപ്പുകളുടെ കടുത്ത എതിര്‍പ്പറിയിച്ചാണ് ഉമ്മന്‍ചാണ്ടി സോണിയഗാന്ധിയെ കണ്ടത്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും നടക്കുന്ന പുനസംഘടനയെ ഉമ്മന്‍ചാണ്ടി ചോദ്യം ചെയ്തു.

ഏകപക്ഷീയമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതില്‍ അമര്‍ഷം അറിയിച്ച ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡ് നിരീക്ഷണത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ അച്ചടക്ക സമിതി വേണമെന്നാവശ്യപ്പെട്ടു. പാര്‍ട്ടി ഭരണഘടന പ്രകാരമാണോ ഇപ്പോള്‍ നടന്ന അച്ചടക്ക നടപടികളെന്ന് കേന്ദ്ര നേതൃത്വം പരിശോധിക്കണം. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി നേതാക്കള്‍ തീരുമാനമെടുക്കുന്നുവെന്ന് പരാതിപ്പെട്ട ഉമ്മന്‍ചാണ്ടി രാഷ്ട്രീയ കാര്യ സമിതി ഉപദേശക സമിതി മാത്രമാണെന്ന വിഡി സതീശന്‍റെ പ്രതികരണവും സോണിയ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

എന്നാല്‍  പുനസംഘടനയില്‍ നിന്ന് പിന്നോട്ടില്ലെന്നാവര്‍ത്തിച്ച വിഡി സതീശന്‍ ചര്‍ച്ചയാകാമെന്ന ഉപാധി മുന്‍പോട്ട് വച്ചിട്ടുണ്ട്.
വിഷയം കൂടുല്‍ സങ്കീര്‍ണ്ണമായതോടെ കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വറിനെ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുകയാണ്. നാളെ താരിഖ് അന്‍വര്‍ നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകും ഹൈക്കമാന്‍ഡിന്‍റെ തുടര്‍ന്നുള്ള ഇടപെടല്‍.

അതൃപ്തി സോണിയയെ നേരിട്ടറിയിച്ച് ഉമ്മൻചാണ്ടി;സംസ്ഥാന നേതൃ‌ത്വത്തിന് ഏകപക്ഷീയ നിലപാടെന്നും പരാതി

അതിനിടെ പുനസംഘടനക്കെതിരായ നീക്കത്തില്‍ നിന്ന് ഗ്രൂപ്പ് നേതാക്കളെ പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് നേതാക്കളുടെ നീക്കം പാർട്ടിയെ തകർക്കാൻ ആണെന്നാണ് പരാതി. പുന:സംഘടനക്കെതിരായ നീക്കത്തിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും പരാതിക്കാർ ഹൈക്കമാണ്ടിനോട് ആവശ്യപ്പെടുന്നുണ്ട്. ഈ നേതാക്കൾ തലമുറ മാറ്റത്തെ എതിർക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ഒരു വിഭ​ഗം നേതാക്കൾ സോണിയാ ​ഗാന്ധിക്ക് നൽകിയ കത്തിൽ പറയുന്നു.

പുന:സംഘടന; ഉമ്മൻ ചാണ്ടിക്കും രമേശിനുമെതിരെ പരാതി പ്രവാഹം; പാർട്ടിയെ തകർക്കാൻ ശ്രമമെന്ന് കത്ത്

click me!