
എറണാകുളം: കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. വിവാദങ്ങൾക്ക് താൽപര്യമിലെന്നും, സോഷ്യൽ മീഡിയയിലൂടെയല്ല കേരളത്തിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. സാമൂഹ്യ മാധ്യമങ്ങളോട് ബഹുമാനമുണ്ട്, മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വോട്ട് 4ന് മാത്രമേ എണ്ണൂ. വോട്ടെണ്ണലിന് മുമ്പുള്ള വിവാദങ്ങൾ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കും. അതേസമയം മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും പേര് മാത്രമേ ചർച്ച ചെയ്യപ്പെടുന്നുളളല്ലോ എന്ന ചോദ്യത്തിന്, ഈ വിവാദങ്ങളിൽ ഒന്നും പങ്കെടുക്കാത്തയാളാണ് താനെന്നും, സ്വയം അനുകൂലിച്ചോ ആർക്കെങ്കിലും എതിരായോ ഒന്നും പറയാറില്ലെന്നും, അതുകൊണ്ട് തനിക്കിത് പറയാൻ കഴിയുമെന്നുമാണ് രമേശ് ചെന്നിത്തല മറുപടി നൽകിയത്. അതേസമയം സുധാകരൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാകരൻ തന്റെ നല്ല സുഹൃത്താണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മത്സരിക്കാത്തയാൾ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല മറുപടി നൽകി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷമായി തുടരുകയാണ്. കെ സി വേണുഗോപാൽ- വിഡി സതീശൻ പക്ഷങ്ങളുടെ പോര് ബോധപൂർവമാണെന്നാണ് സൂചന. കെ സുധാകരന് പിന്നാലെ കെസിയെ പിന്തുണച്ച് നേതാക്കൾ കൂട്ടത്തോടെ ഇറങ്ങിയത് കൃത്യമായ ലക്ഷ്യത്തോടെയെന്നാണ് വിലയിരുത്തൽ. എംപിമാരുടെ പിന്തുണ ഉറപ്പാക്കാനും ഘടകകക്ഷികളെ ചേർത്ത് നിർത്താനും ശ്രമം നടന്നുവരികയാണ്. കെസിയെ ഉയർത്തിക്കാട്ടുന്നതിനെതിരെയുള്ള വിഡി സതീശൻ പക്ഷ നീക്കങ്ങളും ആസൂത്രിതമാണ്. അതേസമയം, മുഖ്യമന്ത്രി തർക്കങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam