
പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. എംഎല്‍എക്കെതിരെ ലൈംഗികാരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുഭാവി കൂടിയായ രമേഷിന്‍റെ പ്രതികരണം. എന്നാല്‍, ആരോപണങ്ങൾ തെളിയും രാഹുലിനെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. വിധി വരട്ടെയെന്ന് പറയാൻ രാഹുലിന്‍റെ വിഷയത്തിൽ ഒരു പരാതി പോലുമില്ലെന്നും രമേഷ് പിഷാരടി ന്യായീകരിച്ചു.
ഈ വിഷയത്തിൽ ഷാഫി പറമ്പിലിന് എതിരായ വിമർശനങ്ങളും സ്വാഭാവികമാണ്. രാഹുലിന്‍റെ സുഹൃത്ത് ആയതിനാൽ ഇത്തരം വിമർശനങ്ങൾ ഉണ്ടാകും. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോൾ രണ്ടര വർഷം പല രീതിയിൽ പ്രതിഷേധങ്ങളുണ്ടായെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിവാദ കൊടുങ്കാറ്റിനിടെ നിയമസഭയിൽ എത്തിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനത്തിനുമെത്തിയിരുന്നു. അടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനത്തിനായി പോയത്. കഴിഞ്ഞ ദിവസം ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകൾക്ക് വിരാമമിട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്.
അതീവ രഹസ്യമായി ആയിരുന്നു രാഹുൽ വീട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. ഇതിന് പിന്നാലെ ശനിയാഴ്ച മുതൽ മണ്ഡലത്തിൽ സജീവമാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. പ്രതിപക്ഷനിരയുടെ ഏറ്റവും പിന്നിൽ പ്രത്യേക ബ്ലോക്കായാണ് രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ ഇരുന്നത്.