
മുംബൈ: പീഡനക്കേസിൽ യുവതി കോടതിയിൽ സമർപ്പിച്ച പുതിയ തെളിവുകൾ ബിനോയ് കോടിയേരിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. ബിനോയ് സ്വന്തം മെയിൽ ഐഡിയിൽ നിന്നും യുവതിക്കും കുഞ്ഞിനുമയച്ച ദുബായിലേക്കുള്ള വിസയും വിമാന ടിക്കറ്റുകളും ഇനിയങ്ങോട്ട് കേസിൽ നിർണ്ണായകമാകും.
2015 ഏപ്രിൽ 21നാണ് യുവതിക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ ബിനോയ് വിസയും വിമാന ടിക്കറ്റുമയച്ചത്. ഈ വിവരങ്ങളടങ്ങിയ ഇ-മെയിൽ തെളിവായി കോടതിയിൽ യുവതിയുടെ അഭിഭാഷകൻ ഉയർത്തിക്കാട്ടിയത് ബിനോയിക്ക് കുരുക്കാകും. വിസയിൽ കുഞ്ഞിന്റെ അച്ഛനും യുവതിയുടെ ഭർത്താവും ബിനോയ് ആണ്. ഇത് ഏത് സാഹചര്യത്തിലാണെന്ന് വിശദീകരിക്കാൻ ബിനോയിയുടെ അഭിഭാഷകന് സാധിച്ചില്ലെങ്കിൽ കേസിൽ നിർണായക തെളിവായി മാറും. ബിനോയിക്കെതിരെ ദുബായിൽ ക്രിമിനൽ കേസുള്ളതും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകും എന്ന് ഭീഷണിപ്പെടുത്തിയതും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവിനെ സ്വാധീനിച്ചേക്കും.
Also Read: പീഡന പരാതി: ബിനോയ് കോടിയേരിക്കെതിരെ പുതിയ തെളിവുകള്‍, പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനും നീക്കം
യുവതിയുടെ ലക്ഷ്യം ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടലാണെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കണമെങ്കിൽ യുവതി നൽകിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് തോന്നണം. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെങ്കിലും പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ ബിനോയിക്ക് മുൻകൂർ ജാമ്യം ലഭിക്കൽ എളുപ്പമല്ലെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം ഒളിവിലുള്ള ബിനോയിയെ കണ്ടെത്താൻ വൈകുന്നത് മുംബൈ പൊലീസിന് തലവേദനയായി മാറുന്നുണ്ട്. മജിസ്ട്രേറ്റിന് മുമ്പാകെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി പൊലീസ് തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam