
മലപ്പുറം : ഇടതു സഹയാത്രികന്‍ റസാഖ് പയമ്പ്രോട്ടിന്‍റെ ആത്മഹത്യക്ക് കാരണമായ മലപ്പുറം പുളിക്കലിലെ പ്ലാസ്റ്റിക് സംസ്ക്കരണ യൂണിറ്റിന് അനുകൂലമായ റിപ്പോര്‍ട്ടാണ് ജില്ലാ കലക്ടര്‍ നിയോഗിച്ച പരിശോധനാ സമിതി തയ്യാറാക്കിയതെന്ന് ആക്ഷേപം. ഫാക്ടറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനെത്തിയ സമിതി, ജനങ്ങളുടെ അഭിപ്രായം കേള്‍ക്കാതെ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് റസാഖിന്റെ സഹോദന്‍ പറഞ്ഞു. ഫാക്ടറിക്ക് പ്രവര്‍ത്തിക്കാന്‍ കോടതി കഴിഞ്ഞ ദിവസം താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു.
പുളിക്കല്‍ കൊട്ടപ്പുറത്തെ പ്ലാസ്റ്റിക് സംസ്ക്കരണ ഫാക്ടറി പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി നിരന്തര പോരാട്ടം നടത്തിയിട്ടും സിപിഎം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയും അധികൃതരും ചെറുവിനല്‍ അനക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇടത് സഹയാത്രികനും സമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ട് പഞ്ചായത്തിനകത്ത് തൂങ്ങിമരിച്ചത്. വലിയ ജനരോഷം ഉയര്‍ന്നതിന് പിന്നാലെ സിപിഎമ്മിനും ഫാക്ടറിക്ക് മുന്നില്‍ കൊടികുത്തേണ്ടിവന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ ആറംഗ സമിതിയെ കളക്ടര്‍ നിയോഗിച്ചത്. എന്നാല്‍ ഫാക്ടറിയിലെത്തിയ ഉദ്യോഗസ്ഥര്‍ ഉടമയുമായി സംസാരിച്ചതല്ലാതെ ജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയില്ലെന്ന് റസാഖ് പയമ്പ്രോട്ടിന്റെ കുടുംബം ആരോപിക്കുന്നു. ഈ ഏകപക്ഷീയ റിപ്പോര്‍ട്ടാണ് ഫാക്ടറിക്ക് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ വഴി ഒരുക്കിയതെന്നാണ് ആക്ഷേപം. ഫാക്ടറി പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം അപ്പീല്‍ നല്‍കിയിട്ടുണ്ട്.
കോടതി വിധിയെ മാനിച്ചു കൊണ്ടുതന്നെ അടുത്ത ദിവസം തന്നെ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് സമരസമിതിയുടെ നീക്കം.റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യയെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായിട്ടില്ല. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ കുടുംബത്തിന് പിന്തുണയുമായി എത്തിയിരുന്നു.