Kerala Rain: പെരുമഴ ഒഴിയുന്നു, ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട് പിൻവലിച്ചു, ജാഗ്രത തുടരാം

Published : Aug 03, 2022, 10:35 AM ISTUpdated : Aug 03, 2022, 10:47 AM IST
Kerala Rain: പെരുമഴ ഒഴിയുന്നു, ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട് പിൻവലിച്ചു, ജാഗ്രത തുടരാം

Synopsis

പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂ‍ര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യത തത്കാലം ഒഴിഞ്ഞതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മാത്രമാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യത. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂ‍ര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. ഉച്ചയ്ക്ക് ഒരു മണിക്ക് അടുത്ത മഴ മുന്നറിയിപ്പ് വരുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടും എന്നാണ് പ്രതീക്ഷ. 

നാളെ കണ്ണൂര്‍,വയനാട്,ഇടുക്കി, കോട്ടയം ജില്ലകളിൽ റെ‍ഡ് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് നിലവിലുള്ളത്. 

ഓഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ടില്ല. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ടുമായിരിക്കും.

 

 

കണ്ണൂരിലെ മലയോര മേഖലകളിൽ രക്ഷാപ്രവ‍‍‍ര്‍ത്തനം തുടരുന്നു

കണ്ണൂർ: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കണ്ണൂരിൽ അതീവ ജാഗ്രത തുടരുന്നു.  മലയോരമേഖലയിൽ ഇന്നലെ രാത്രിയും ഇടവിട്ട് കനത്ത മഴയുണ്ടായി എന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം ഇന്ന് രാവിലെ മഴ മാറി നിൽക്കുകയാണ്. ഇരിട്ടി, പേരാവൂർ, കൊട്ടിയൂർ, കേളകം, കണ്ണിച്ചാർ, കോളയാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. മന്ത്രി എംവി ഗോവിന്ദൻ ജില്ലയിലെ ദുരിതാശ്വാസ പ്രവ‍ര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. 

ജില്ലയിലെ കണ്ണിച്ചാർ പഞ്ചായത്തിലാണ് കനത്ത മഴയിൽ ഏറ്റവും നാശമുണ്ടായത്. ഇവിടെ മൂന്നിടത്ത് ഉരുൾപൊട്ടി വ്യാപകനാശമുണ്ടായി. പൂളക്കുറ്റിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻതോതിൽ പാറകളും മണ്ണും നാല് കിലോമീറ്റർ ദൂരത്തിൽ ഒഴുകി ഇറങ്ങി. ചന്ദ്രൻ എന്നയാളുടെ വീട് പൂർണമായി നശിച്ചു. ചന്ദ്രൻ്റെ മൃതദേഹം രക്ഷാപ്രവർത്തകർ രണ്ടരകിലോമീറ്റർ ദൂരത്ത് നിന്നാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിൻ്റെ മകൻ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. രാജേഷ് എന്ന ഓട്ടോഡ്രൈവറും നുമാ തസ്ലീൻ എന്ന രണ്ടരവയസ്സുകാരിയും ഉരുൾപൊട്ടലിൽ മരിച്ചു. ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും. 

 നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനാൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പൊയിൽ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല. ചുരം റോഡിൽ നിന്നും അഞ്ച് കിലോമീറ്റർ മുകളിൽ 24-ാം മൈൽ എന്ന സ്ഥലത്തിൽ ഉരുൾപൊട്ടലിൽ കനത്ത നാശമുണ്ടായി. 

ഇവിടെ മൂന്നിടത്ത് റോഡ് ഇടിഞ്ഞു താഴ്ന്നു. രണ്ട് വീടുകൾ പൂർണമായി തകർന്നു. ഉരുൾപൊട്ടലിൻ്റെ ശബ്ദം കേട്ട് ആളുകൾ ഇറങ്ങിയോടിയതിനാൽ മാത്രമാണ് അവിടെ ആൾനാശം ഒഴിവായത്. കണ്ണവം വനഭാഗത്തും കാര്യമായ നാശം ഉണ്ടായി. ഇന്നലെ കണ്ണിച്ചാർ പഞ്ചായത്തിലായിരുന്നു കാര്യമായ രക്ഷാപ്രവർത്തനം.  ഇന്ന്  ചുരം ഭാഗത്തേക്കും മറ്റും രക്ഷാപ്രവർത്തനം സജീവമാകും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി
ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ