
കൽപ്പറ്റ: കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ഒരു ഷട്ടറിന്‍റെ 15 സെൻറീമീറ്റർ ആണ് രണ്ടു മണിയോടെ ഉയർത്തുക. ഇതുമായി ബന്ധപ്പെട്ട്
പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകൾ, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം. വെള്ളം കയറുന്ന ഭാഗങ്ങളിൽ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കിൽ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഡാം സ്പിൽവേയുടെ മുന്നിൽ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആളുകൾ പിന്തിരിയണമെന്നും ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതർ അറിയിച്ചു.
ഡാം ജലം വന്നു പതിക്കുന്ന തോടുകളിലും പുഴകളിലും മറ്റും ഇറങ്ങി കുളിക്കാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ല. കുട്ടികൾ ജലശയങ്ങളിൽ പോകുന്നില്ല എന്നത് ഓരോ രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്. അതേസമയം, കേരളത്തിൽ കനത്ത മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്കാണ് സാധ്യത. ജൂലൈ 19, 20 തീയതികളിൽ അതിതീവ്ര മഴയ്ക്കും21 വരെ അതിശക്തമായ / ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam