അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നു; നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ട്, ശിരുവാണിയിൽ ഷട്ടറുകൾ ഉയർത്തും

Published : Aug 29, 2025, 12:29 PM IST
kerala river

Synopsis

ശിരുവാണി അണക്കെട്ടിൽ ഷട്ടറുകൾ ഉയർത്തും. മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ചില നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ജലസേചന വകുപ്പ് നിർദേശം നൽകി.

ഓറഞ്ച് അലർട്ട്

കാസർകോട്: നീലേശ്വരം (ചയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)

മഞ്ഞ അലർട്ട്

കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കുപ്പം (മങ്കര റിവർ സ്റ്റേഷൻ)

കാസർകോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ഷിറിയ (പുത്തുഗെ സ്റ്റേഷൻ)

ശിരുവാണിയിൽ ഷട്ടറുകൾ ഉയർത്തും

ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സ്ലൂയിസ് ഷട്ടറുകൾ ഉച്ചയ്ക്ക് രണ്ടിന് നിലവിലുള്ള 6 സെന്റീമീറ്റർ ഉയരം 50 സെന്റീമീറ്റർ മുതൽ 100 സെന്റീമീറ്റർ വരെ ഉയർത്തും. ദിവസേനയുള്ള മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതും കണക്കിലെടുത്താണ് നടപടി. അണക്കെട്ടിന്റെ പരമാവധി അനുവദനീയമായ ജലനിരപ്പ് 877.00 മീറ്ററാണ്. ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് വിടുന്നതിനാൽ അട്ടപ്പാടി പ്രദേശത്തുള്ളവരും ശിരുവാണിപ്പുഴ, ഭവാനിപ്പുഴ എന്നി നദികളുടെ തീരങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്.

മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

മൂഴിയാർ ഡാമിൻറെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയത്ത് തുടർന്ന് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്റർ എത്തിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയാൽ ഡാമിൻറെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും. ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നദിയിലിറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അറിയിച്ചു

കണ്ണൂരിൽ മലയോര മേഖലയിൽ കനത്ത മഴ

കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണ്. പലയിടത്തും പുഴകൾ കരകവിഞ്ഞൊഴുകുന്നു. ചെറുപുഴ മേഖലയിലെ കാര്യംങ്കോട് പുഴ, തിരുമേനി പുഴ, ഇരിട്ടി, വൈത്തൂർ പുഴകളിൽ ജലനിരപ്പ് ഉയർന്നു. പലയിടത്തും വാഹന ഗതാഗതം തടസ്സപ്പെട്ടതോടെ ജനജീവിതം ദുസഹമായി. ചെറുപുഴ - പ്രാപ്പൊയിൽ തിരുമേനി റോഡിലേക്ക് കരിങ്കലുകൾ ഇടിഞ്ഞ് വീണു. ദേശീയപാത നിർമ്മാണം നടക്കുന്ന വീരമലക്കുന്ന്, ബേവിഞ്ച പ്രദേശങ്ങളിലൂടെ പാസഞ്ചർ വാഹനങ്ങളുടെ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ഹെവി വാഹനങ്ങളും ആംബുലൻസ്, ഫയർ ട്രക്കുകൾ പോലുള്ള അടിയന്തര വാഹനങ്ങളും മാത്രമേ ഇതുവഴി കടന്നു പോകാൻ അനുവദിക്കുകയുള്ളൂ.

PREV
Read more Articles on
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും