
ആലപ്പുഴ: അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരായ സ്ത്രീകൾക്കുനേരെ പാഞ്ഞുകയറി വൃദ്ധക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കളപ്പുര സ്വദേശിയായ സുധക്ഷിണയാണ് (55) മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്തിലെ പ്യൂൺ ബിന്ദുവിനെ (50) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 8.40 ന് ബൈപാസ് റോഡിൽ കൊമ്മാടി പഴയ ടോൾഗേറ്റിന് തെക്കുഭാഗത്തായിരുന്നു അപകടം. എറണാകുളത്തിന് കായംകുളം ഭാഗത്തേക്ക് പോയ കാറാണ് അപകടമുണ്ടാക്കിയത്. ഗോകുൽ കയർ കമ്പനിയിലെ ജീവനക്കാരിയായ സുധക്ഷിണ ജോലിക്കായി പോകുമ്പോഴാണ് ദിശതെറ്റി അമിതവേഗതയിലെത്തിയ കാർ പാഞ്ഞുകയറിയത്. ഒപ്പമുണ്ടായിരുന്ന ബിന്ദുവും പായിപ്പാട് പഞ്ചായത്തിലേക്ക് ജോലിക്കുപോകുന്നതിന് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് കാറിലുണ്ടായിരുന്നത്. അപകടമുണ്ടായതിന് പിന്നാലെ നമ്പർപ്ലേറ്റ് അഴിച്ചുമാറ്റിയതായും പറയപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധക്ഷിണയുടെ ജീവൻ രക്ഷിക്കാനായില്ല.