
കോഴിക്കോട്: മദ്യലഹരിയിൽ ടിക്കറ്റില്ലാതെ ട്രെയിനിൽ സഞ്ചരിച്ചതിന് പൊലീസ് മർദ്ദനമേറ്റ ഷെമീറിനെ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുൻപിലുള്ള ലിങ്ക് റോഡിൽ നിന്നാണ് ഇന്ന് പുലർച്ചെ ആർപിഎഫ് പിടികൂടിയത്. ഷെമീറിനെതിരെ നേരത്തെ ഒരു കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാളെ തിരിച്ചറിഞ്ഞത്.
കോഴിക്കോട് ആർപിഎഫ് സ്റ്റേഷനിലെത്തിച്ച ഷമീറിനെ അവിടെ നിന്നും ആർപിഎഫ് ഉദ്യോഗസ്ഥർ ചേർന്ന് കണ്ണൂരിലേക്ക് കൊണ്ടു പോയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാൻ നിലവിൽ കേസുകളൊന്നും ഇല്ലാത്തതിനാൽ കണ്ണൂരിലെ വീട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറാനാണ് തീരുമാനം. മാവേലി എക്സ്പ്രസിൽ നിന്നും പൊലീസുകാർ ഇറക്കി വിട്ട ശേഷം ഇയാൾ വടകരയിൽ നിന്നും കോഴിക്കോട് എത്തുകയും ഇന്നലെയും മിനിഞ്ഞാന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് തന്നെ തങ്ങുകയും ചെയ്തുവെന്നാണ് പൊലീസ് അറിയിക്കുന്നത്.
മാവേലി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ സഞ്ചരിച്ചതിന് എ.എസ്.ഐ മർദ്ദിച്ച് വടകര പ്ലാറ്റ്ഫോമിൽ ഇറക്കി വിട്ടയാളെ വൈകിയാണ് തിരിച്ചറിഞ്ഞത്. ക്രിമിനൽ പശ്ചാത്തലമുള്ള കൂത്ത്പറമ്പ് നിർമ്മലഗിരി സ്വദേശി പൊന്നൻ ഷെമീറിനാണ് മർദ്ദനമേറ്റതെന്ന് റെയിൽവേ പൊലീസാണ് തിരിച്ചറിഞ്ഞത്. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ രണ്ട് അടിപിടി കേസുകളിലും ഉൾപെട്ടിട്ടുണ്ട്.
പത്രത്തിൽ ഇയാളുടെ ഫോട്ടോ കണ്ട ബന്ധുവാണ് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. തുടർന്ന്നടത്തിയ പരിശോധനയിൽ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളാണ് ഷെമീറെന്ന് വ്യക്തമായി. അൻപത് വയസ്സുള്ള ഇയാൾ 2001 ൽ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിൽ മൂന്ന് വർഷം ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
2010ൽ 17 വയസുള്ള ബന്ധുവായ പെൺകുട്ടിയെയും കൊണ്ട് നാടു വിട്ടതിനെതുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പീഡനത്തിന് കേസുണ്ടായെങ്കിലും കോടതി പിന്നീട് ഇയാളെ വെറുതെ വിട്ടു. 2014ലും 2016 ലും കൂത്ത് പറമ്പ് ബസ്റ്റാന്റിലും ബാറിനടുത്തുമായി രണ്ട് അടിപിടി കേസിലും ഇയാൾ ഉൾപെട്ടിട്ടുണ്ട്. ഈ കേസുകളിൽ വിചാരണ നടക്കുകയാണ്. ഭാര്യവീടായ ഇരുക്കൂർ ആയിപ്പുഴയിലാണ് ഇയാൾ താമസിക്കുന്നത്. കുറച്ച് ദിവസമായി ഇയാൾ വീട്ടിൽ വരാറില്ലെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam