
പത്തനംതിട്ട : ശബരിമലയിലെ കതിന അപകടത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. വെടിക്കെട്ടിന്റെ നടത്തിപ്പുകാരായ മൂന്ന്പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തൃശ്ശൂർ സ്വദേശിയായ കരാറുകാരിയിൽ നിന്ന് ലൈസൻസ് ഏറ്റെടുത്ത മൂന്നംഗ സംഘം സംഭവത്തിന് ശേഷം ഒളിവിലാണെന്നാണ് സൂചന
ജനുവരി രണ്ടിന് കതിന അപകടം ഉണ്ടായതിന് പിന്നാലെ സന്നിധാനം പൊലീസ് കേസെടുത്തത് അപകടത്തിൽ മരിച്ച ജയകുമാറിനെയും രജീഷിനെയും ചികിത്സയിൽ കഴിയുന്ന അമലിനെയും പ്രതി ചേർത്തായിരുന്നു. തുടർ അന്വേഷണത്തിൽ വെടിക്കെട്ട് നടത്തിപ്പിന്റെ കരാർ ഏറ്റെടുത്ത തൃശ്ശൂർ സ്വദേശിയായ എം എസ് ഷീനയേയും ഭർത്താവ് പികെ സുരേഷിനെയും കേസിൽ പ്രതി ചേർത്തിരുന്നു. അൻപത് വയസിൽ താഴെ പ്രായമുള്ള കരാറുകാരി ഷീനയ്ക്ക് സന്നിധാനത്ത് വരാൻ കഴിയാത്തതിനാൽ ഭർത്താവ് സുരേഷിന്റെ പവർ ഓഫ് അറ്റോണി നൽകുകയായിരുന്നു. ലൈസൻസ് ഉള്ളയാൾ മുഴുവൻ സമയവും സന്നിധാനത്ത് ഉണ്ടാവണമെന്ന ദേവസ്വം ബോർഡ് ചട്ടത്തെ തുടർന്നാണ് ഇത്.
എന്നാൽ സുരേഷും സന്നിധാനത്ത് അപൂർവമായി മാത്രമെ എത്താറുണ്ടായിരുന്നുള്ളു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സന്നിധാനത്തും മാളികപ്പുറത്തും ശബരീപീഠത്തിലും വെടിക്കെട്ട് നടത്തിയിരുന്നത് മുൻകാലങ്ങളിൽ ശബരിമലയിലെ കച്ചവട സ്ഥാപനങ്ങൾ നടത്തിയിരുന്ന മൂന്ന് പേരാണ്. അപകടമുണ്ടായ സമയത്തും ഇവരാണ് കതിനപ്പുരയിലുണ്ടായിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ മൂന്നംഗ സംഘത്തിന്റെ പേരിൽ കരാറോ ലൈസൻസോ മറ്റ് രേഖകളോ ഇല്ലാത്തതിനാൽ പൊലീസിന് ഇവരെ നേരിട്ട് ചോദ്യം ചെയ്യുന്നതടക്കം ബുദ്ധിമുട്ടാകും. നിലവിൽ പ്രതിയാക്കിയിട്ടുള്ള കാരാറുകാരി ഷീനയുടേയും ഭർത്താവ് സുരേഷിന്റെയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇരവരും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മൂന്നംഗ സംഘത്തിനെതിരെ ഇവർ മൊഴി നൽകിയാൽ അന്വേഷണം ആ വഴിയ്ക്ക് നീങ്ങും
മാളികപ്പുറത്തെ കതിന അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam