'ഭരണഘടനയെ വിമർശിക്കാം, അപമാനിക്കാൻ പാടില്ല'; സജി ചെറിയാന്‍റെ രാജി സ്വാഗതാർഹമെന്ന് ചെന്നിത്തല

Published : Jul 06, 2022, 10:26 PM IST
'ഭരണഘടനയെ വിമർശിക്കാം, അപമാനിക്കാൻ പാടില്ല'; സജി ചെറിയാന്‍റെ രാജി സ്വാഗതാർഹമെന്ന് ചെന്നിത്തല

Synopsis

ഉന്നതസ്ഥാനത്തിരിക്കുന്ന ആളുകൾ വാക്കുകൾ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിന്റെ ഒരു താക്കീതാണ് ഇതിലൂടെ ലഭിക്കുന്നത്. നമ്മൾ ഇരിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് പ്രസംഗിക്കാനും പ്രവർത്തിക്കാനും പൊതുപ്രവർത്തകർക്ക് ബാധ്യത ഉണ്ട്. 

തിരുവനന്തപുരം:  മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ (Saji Cheriyan) നടപടി സ്വാഗതാർഹമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). ഉന്നതസ്ഥാനത്തിരിക്കുന്ന ആളുകൾ വാക്കുകൾ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിന്റെ ഒരു താക്കീതാണ് ഇതിലൂടെ ലഭിക്കുന്നത്. നമ്മൾ ഇരിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് പ്രസംഗിക്കാനും പ്രവർത്തിക്കാനും പൊതുപ്രവർത്തകർക്ക് ബാധ്യത ഉണ്ട് എന്നുള്ളതിന്റെ ഓർമ്മപ്പെടുത്തലാണ് സജി ചെറിയാന്‍റെ ഈ രാജിയിലൂടെ കാണാൻ കഴിയുന്നത്.

ഇതിനുമുമ്പും ഇതേ സാഹചര്യത്തിൽ രാജിവെച്ച ധാരാളം മന്ത്രിമാരുണ്ട്. ഇന്ത്യൻ ഭരണഘടന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഭരണഘടനയാണ്. ലോകത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ജനങ്ങൾക്ക് മതിപ്പുളവാക്കുന്ന ഒരു ഭരണഘടന വളരെ മോശമായി ചിത്രീകരിച്ചു എന്നതാണ് സജി ചെറിയാന് എതിരെയുള്ള ആരോപണം. ഭരണഘടനയെ വിമർശിക്കാം. പക്ഷേ, അപമാനിക്കാൻ പാടില്ല.

ഭരണഘടന എഴുതിയുണ്ടാക്കിയ ആളുകളെ മോശമായി ചിത്രീകരിച്ചു. ഗാന്ധിജിയുമായും നെഹ്റുവുമായും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടും ഡോക്ടർ ബി ആർ അംബേദ്കറിനെ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആക്കി നിയമിച്ചത് അദ്ദേഹത്തിന്റെ അസാമാന്യ കഴിവുകൾ കണക്കിലെടുത്തുകൊണ്ടാണ്. സജി ചെറിയാന്റെ പ്രവൃത്തി അതിരു കടന്നുപോയി. അതുകൊണ്ടാണ് രാജി ആവശ്യപ്പെട്ടത്. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി കൂട്ടായി ആലോചിച്ചിട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, തൽക്കാലത്തേക്ക് തടി രക്ഷിക്കാനുള്ള ശ്രമമാണ് രാജിയെന്നും ഇത് ഒന്നാം വിക്കറ്റ്, രണ്ടാം വിക്കറ്റ് ഉടൻ വരുമെന്നുമാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പ്രതികരിച്ചത്. ക്യാപ്റ്റന്‍റെ വിക്കറ്റും പോകും. ഇതുകൊണ്ടെന്നും സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാൻ രാജിവെച്ചത് നല്ലകാര്യം. എന്നാൽ പ്രസംഗത്തെ ന്യായീകരിക്കുന്നതിന്‍റെ വൈരുധ്യം സിപിഎം പരിശോധിക്കണം. രാജി വച്ചതുകൊണ്ട് കാര്യം തീരില്ല.

എംഎൽഎ സ്ഥാനത്തേയും ബാധിക്കില്ലേ. അതുകൊണ്ട് എംഎൽഎ സ്ഥാനവും രാജിവെക്കണം. സിപിഎമ്മിന്‍റെ അഹങ്കാരത്തിനേറ്റ താൽക്കാലിക തിരിച്ചടിയാണിത്. സത്യസന്ധമായി ഉള്ളിൽ തട്ടി ഭരണഘടനയുടെ പവിത്രതയെ ഉൾകൊള്ളാൻ സജി ചെറിയാൻ തയ്യാറാകണമെന്നും കെ സുധാകരൻ പറഞ്ഞു.  സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വാഗതം ചെയ്തിരുന്നു.

മല്ലപ്പള്ളി പ്രസംഗത്തെ സജി ചെറിയാൻ തള്ളിപ്പറയാത്തതിനെ വിമർശിച്ച അദ്ദേഹം, പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് മന്ത്രിസ്ഥാനം രാജി വച്ചതിന്റെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി. മല്ലപ്പള്ളി പ്രസംഗത്തെ അദ്ദേഹം തള്ളിപ്പറയാത്തത് ദൗർഭാഗ്യകരവും അത്ഭുതപ്പെടുത്തുന്നതുമാണെന്നും സതീശൻ അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാക്കുകൾ കേരളം കേട്ടതാണ്. ഇപ്പോഴും പക്ഷേ അദ്ദേഹം പറയുന്നത് മാധ്യമങ്ങൾ വാക്കുകളെ വളച്ചൊടിച്ചുവെന്നാണ്. രാജി പ്രഖ്യാപനം സ്വതന്ത്ര തീരുമാനമാണെന്നാണ് അദ്ദേഹം പറയുന്നത്. അതിനർത്ഥം അദ്ദേഹത്തിന്റെ പ്രസംഗത്തെ സിപിഎം അംഗീകരിക്കുന്നുവെന്നാണ്. ഈ വിഷയത്തിൽ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും പിബിയുടേയും അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, റിപ്പോർട്ടിലുള്ളത് നിർണായക വിവരങ്ങൾ; ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ കിട്ടി, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച ജാമ്യ ഹർജിയിൽ ശനിയാഴ്ച വിധി പറയും