
കോഴിക്കോട്: പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. എന്തുകൊണ്ട് പദ്ധതി റദ്ദ് ആക്കുന്നില്ല എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദ് ചെയ്യുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. എന്തുകൊണ്ട് പദ്ധതി റദ്ദ് ആക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. ഉപസമിതി പഠിക്കട്ടെ എന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകും എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിവാദമായ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് സർക്കാറിൻ്റെ നീക്കം. ഇടത് സർക്കാർ കരാർ ഒപ്പിട്ടതിനാൽ പിന്മാറാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കരിക്കുലത്തിലും സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തിന് അവകാശം നൽകുന്ന ഇളവ് കേന്ദ്രത്തോട് ആവശ്യപ്പെടും. തുടർനടപടിക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ വെച്ചു. പ്രതിപക്ഷത്തിരിക്കെ രാഷ്ട്രീയമായി എതിർത്ത പദ്ധതിയെയാണ് ഫണ്ടിൻ്റെ പേര് കൂടി പറഞ്ഞ് തുടരാനുള്ള സതീശൻ സർക്കാർ തീരുമാനം. ഇടത് സർക്കാറിൻറെ കാലത്ത് ഒപ്പിട്ട കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി തയ്യാറാക്കിയ തൽസ്ഥിതി റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ നവംബർ 12ന് കരാർ താൽക്കാലികമായി മരവിപ്പിച്ചെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്തിന് നിയമസാധുത ഇല്ലെന്നാണ് സർക്കാർ വിശദീകരണം. അതിനാൽ കരാർ തുടർന്ന് വിവാദവ്യവസ്ഥകളിൽ ഇളവ് തേടാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam