തിരുവനന്തപുരം കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ വി ശിവൻകുട്ടി. നിലവിലെ കെട്ടിടം പൊളിക്കാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്നും ഭരണസമിതിയുടേത് തലതിരിഞ്ഞ തീരുമാനമാണെന്നും വി ശിവൻകുട്ടി പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ മുൻ മന്ത്രി വി ശിവൻകുട്ടി. അങ്ങേയറ്റം തലതിരിഞ്ഞ തീരുമാനമാണെന്നും നിലവിലെ കോർപറേഷൻ കെട്ടിടത്തിന് അസൗകര്യമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. കോർപറേഷൻ മന്ദിരം പൊളിക്കാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
പുതിയ പാർലമെൻ്റ് മന്ദിരം നിർമ്മിച്ചതുപോലെ കോർപറേഷൻ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പ്ലാനും പദ്ധതികളും മേയർ അവതരിപ്പിച്ചു. തിരുവനന്തപുരം കോർപറേഷൻ ഒരുപാട് ചരിത്രവും പാരമ്പര്യമുള്ള കോർപറേഷനാണ്. പട്ടം താണുപിള്ള തറക്കല്ലിട്ട്, ഇന്ദിര ഗാന്ധി ഉദ്ഘാടന ചെയ്തതാണ് തിരുവനന്തപുരം കോർപറേഷൻ. ബിജെപിക്ക് പട്ടം താണുപിള്ളയോട് വിരോധം ഉണ്ടോയെന്ന് അറിയില്ല. ബിജെപിക്ക് ഇന്ദിരാ ഗാന്ധിയോട് വിരോധം ഉണ്ടെന്ന് ഉറപ്പാണ്. ഇന്ദിരാ ഗാന്ധിയുടെ പേര് എഴുതിവെച്ചിരിക്കുന്നതുകൊണ്ടാണോ കെട്ടിടം പൊളിച്ചുമാറ്റുന്നതെന്ന് അറിയില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
പുതിയ കെട്ടിടം നിർമ്മിക്കാനുള്ള കാശ് എവിടെ നിന്ന് കിട്ടും, എങ്ങനെ ചെലവഴിക്കും തുടങ്ങിയ കാര്യങ്ങളിൽ ആലോചന നടന്നിട്ടില്ല. തിരുവനന്തപുരം കോർപറേഷൻ മന്ദിരം പൊളിക്കാൻ ഒരുകാരണവശാലും അനുവദിക്കില്ല. നിലവിലുള്ള കെട്ടിടത്തിൻ്റെ ഒരു കല്ലുപോലും എടുത്തുമാറ്റാൻ ജനങ്ങൾ അനുവദിക്കില്ല. താനടക്കമുള്ള മുൻ മേയർമാരുടെ ചിത്രങ്ങൾ അവിടെ ഇരിപ്പുണ്ട്. അതെല്ലാം കൂടി പൊളിച്ചുമാറ്റാൻ വേണ്ടിയാണോ കെട്ടിടം പൊളിക്കുന്നതെന്ന് അറിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
ജയിച്ചുകഴിഞ്ഞാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ കൊണ്ടുവന്ന് തിരുവനന്തപുരത്തെ ലോകത്തെ ഏറ്റവും വലിയ നഗരമാക്കി മാറ്റാനുള്ള പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് മേയർ പറഞ്ഞത്. എന്നാൽ ഒന്നും നടന്നില്ല. ആദ്യം കെട്ടിടം നിർമ്മിക്കാൻ ചെലവഴിക്കുന്ന 300 കോടിയിൽനിന്ന് കുറച്ച് കാശെടുത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പട്ടികളെ പിടിക്കുകയും തെരുവുവിളക്കുകൾ കത്തിക്കുകയും വെള്ളപ്പൊക്കത്തിന് പരിഹാരം കാണുകയും പാവപ്പെട്ടവർക്ക് പെൻഷൻ കൊടുക്കാനുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്യണം. ജനങ്ങൾക്ക് വളരെ അത്യാവശ്യമായി വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ഭരണസമിതി ശ്രമിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപയുടെ നിർമ്മാണപ്രവൃത്തികൾ രണ്ട് മിനിറ്റുകൊണ്ട് പാസാക്കിയെടുക്കുകയാണ്. പാസാക്കുന്നതല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കരാറുകാർ വരുന്നില്ല. കാപ്പ കേസ് പ്രതിയുടെ പേരിനെച്ചൊല്ലി കോർപറേഷനിലെ മുഴുവൻ പ്രവൃത്തികളും സ്തംഭിച്ചിരിക്കുകയാണ്. ഭരണസമിതി ജനങ്ങളോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും ബിജെപി മറുപടി പറയണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.


