
പാലക്കാട്: പൊലീസ് അതിക്രമ പരാതി സംസ്ഥാനത്ത് വ്യാപകമെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. 20 ലക്ഷം വാഗ്ദാനം ചെയ്തിട്ടും കോൺഗ്രസ് നേതാവ് വർഗീസും സുജിത്തും വഴങ്ങിയില്ല. ബിജെപി കൗൺസിലർ ബിനു പ്രസാദ് ഇന്നലെ കുന്നംകുളം കൗൺസിൽ യോഗത്തിൽ വച്ച് 10 ലക്ഷം വാങ്ങി ബിജെപി നേതാക്കൾ കേസ് ഒത്തുതീർപ്പാക്കി എന്ന് പറഞ്ഞു. ബിജെപിയുടെ പ്രാദേശിക നേതാവിനെ മർദ്ദിച്ച കേസാണ് ഒത്തുതീർപ്പാക്കിയത്.
കുന്നംകുളത്തെ ബിജെപി നേതാവായ മുരളിയെ ഇളനീര് വെട്ടി മർദ്ദിക്കുകയാണ് ചെയ്തത്. തുടക്കത്തിൽ കേസിൽ ബിജെപി ആവേശത്തോടെ മുന്നോട്ട് പോയി. പിന്നീട് പത്തുലക്ഷം രൂപ വാങ്ങി കേസ് ബിജെപി അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2018ൽ മുരളിക്ക് മർദ്ദനമേറ്റ ദൃശ്യങ്ങളും സന്ദീപ് വാര്യർ പുറത്തുവിട്ടു. ബിജെപിയുടെ നേതാക്കൾ പണം വാങ്ങി അട്ടിമറിച്ചു എന്ന് ആരോപിച്ചത് ബിജെപിയുടെ കൗൺസിലർ തന്നെയാണ്. ഇതിന് ബിജെപി നേതൃത്വം മറുപടി പറയണം.
കുന്നംകുളം സിഐ ഉൾപ്പെടെയുള്ള പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഷാജഹാൻ ഉൾപ്പെടെയുള്ള അഞ്ച് പൊലീസുകാർക്കെതിരെയുള്ള എഫ്ഐആർ ഒരു ദിവസം കൊണ്ട് അപ്രത്യക്ഷമായെന്നും സന്ദീപ് ആരോപിച്ചു. അതേസമയം, പീച്ചി പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന പിഎം രതീഷിനെതിരെ കൂടുതൽ പരാതികൾ പുറത്ത് വരികയാണ്. പീച്ചി പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ വയോധികനെ എസ്ഐ പിഎം രതീഷ് മര്‍ദിച്ചതായാണ് പരാതി. പ്രധാനമന്ത്രിയുടെ മുദ്ര ലോൺ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സ്ത്രീക്കൊപ്പം നിന്നുകൊണ്ടാണ് പിഎം രതീഷ് വയോധികനായ പ്രഭാകരനെ മര്‍ദിച്ചതെന്നാണ് പരാതി. സ്ട്രോക്ക് വന്ന തന്നെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മുഖത്ത് അടിച്ചുവെന്നും പരാതി പറഞ്ഞതിന് മര്‍ദനം തുടര്‍ന്നുവെന്നും പ്രഭാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മനുഷ്യത്വരഹിതമായി ഒരു മൃഗത്തോട് സംസാരിക്കുന്നതുപോലെയാണ് തന്നോട് എസ്ഐ രതീഷ് സംസാരിച്ചതെന്ന് പ്രഭാകരൻ പറഞ്ഞു. തന്‍റെ പരാതി പരിഗണിക്കാതെ മുക്കുപ്പണ്ടം തട്ടിപ്പ് കേസിൽ പ്രതിയായ സ്ത്രീ നൽകിയ പരാതിയുടെ പേരിൽ എസ്ഐ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് പ്രഭാകരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam