Congress| പുതിയ തലമുറയ്ക്ക് കോണ്‍ഗ്രസിനെ അറിയാത്ത സാഹചര്യം; സംഘപരിവാർ ചരിത്രം പിഴുതെറിയുന്നുവെന്ന് കെ സുധാകരൻ

By Web TeamFirst Published Nov 18, 2021, 8:11 PM IST
Highlights

മഹാത്മ ഗാന്ധിയെപ്പോലും അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. പാഠപുസ്തകങ്ങളില്‍ നിന്നും കോളജുകളില്‍ നിന്നും അവര്‍ കോണ്‍ഗ്രസിന്റെ ചരിത്രം പിഴുതെറിയുകയാണ്. പുതിയ തലമുറ കോണ്‍ഗ്രസിനെ അറിയാതെ വളരുന്ന സാഹചര്യമാണുള്ളത്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ (Congress) നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് അര്‍ഹിക്കുന്നവരുടെ കൈകളിലേക്ക് പാര്‍ട്ടിയെ എത്തിക്കുമെന്നു കെപിസിസി (KPCC) പ്രസിഡന്റ് കെ സുധാകരന്‍ എംപി (K Sudhakaran). തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാണ് താന്‍ നേതൃത്വത്തിലെത്തിയത്. അര്‍ഹിക്കുന്നവര്‍ക്ക് അവസരങ്ങളുടെ വാതായനം തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അംഗത്വവിതരണം രണ്ടാംഘട്ടത്തിന്റെ പൂവാറില്‍ നടന്ന സംസ്ഥാനതല പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ പ്രോജ്വലമായ ചരിത്രം തമസ്‌കരിക്കുന്നതില്‍ ബിജെപി സര്‍ക്കാരും സംഘപരിവാര്‍ ശക്തികളും വ്യാപൃതരാണ്. മഹാത്മ ഗാന്ധിയെപ്പോലും അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. പാഠപുസ്തകങ്ങളില്‍ നിന്നും കോളജുകളില്‍ നിന്നും അവര്‍ കോണ്‍ഗ്രസിന്റെ ചരിത്രം പിഴുതെറിയുകയാണ്. പുതിയ തലമുറ കോണ്‍ഗ്രസിനെ അറിയാതെ വളരുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട്  കോണ്‍ഗ്രസിനെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാന്‍ മുതിര്‍ന്നവര്‍ തയാറാകണമെന്ന് സുധാകന്‍  ആവശ്യപ്പെട്ടു. 

ഇന്ത്യയെ ഏഴര ദശാബ്ദം മുന്നോട്ടുകൊണ്ടുപോയത് കോണ്‍ഗ്രസ് എന്ന വികാരമാണ്. 1947ല്‍ ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചപ്പോള്‍ ഈ രാജ്യം വൈകാതെ തകരുമെന്നു പ്രവചിച്ചവരാണ് ഏറെയും. എന്നാല്‍, കോണ്‍ഗ്രസ് ആവിഷ്‌കരിച്ച  ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ ഇന്ത്യന്‍ ജനതയെ കൂട്ടിയോജിപ്പിച്ച് ഇപ്പോള്‍ ലോകത്തിലെ തന്നെ പ്രബലശക്തിയാക്കിയെന്നു സുധാകരന്‍ പറഞ്ഞു. 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യവും വികസനവും വളര്‍ച്ചയും കൊണ്ടുവന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത് ആത്മാഭിമാനം ഉയര്‍ത്തുന്ന തീരുമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി ഗ്രിഗോറിക്ക് നല്‍കിയാണ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. കോവളം നിയോജകമണ്ഡലത്തിലെ നിരവധി പ്രവര്‍ത്തകര്‍ക്ക് അംഗത്വം നൽകി. 

അതേസമയം,  കെപിസിസി നിര്‍ദേശിക്കുകയും എഐസിസി അംഗീകരിക്കുകയും ചെയ്താല്‍ കേരളത്തില്‍ പാര്‍ട്ടി പുന:സംഘടന ആകാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ആവശ്യമെങ്കില്‍ കമ്മിറ്റികളില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താം. പരാതികള്‍ പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്തും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചനടത്തിയും മുന്നോട്ട് പോകും. 

രാഷ്ട്രീയകാര്യ സമിതി തുടരും. അതിന് ഉപദേശക റോളാണുള്ളത്. കെപിസിസി എക്‌സിക്യൂട്ടിവ് ആണ് പരമാധികാര സമിതി. ആവശ്യമെങ്കില്‍ രാഷ്ട്രീയകാര്യ സമിതി വിപുലപ്പെടുത്താം. പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് വിതരണം കേരളത്തില്‍ കാര്യക്ഷമമായി നടക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പമാണ് ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വന്നത്. യാത്രാവേളയില്‍ സുദീര്‍ഘമായി രാഷ്ട്രീയം ചര്‍ച്ച ചെയ്‌തെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
 

click me!