വ്യവസായിയെ കബളിപ്പിച്ച് പണം തട്ടി; സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ

By Web TeamFirst Published Oct 31, 2019, 4:54 PM IST
Highlights

സരിത എസ് നായര്‍, ബിജു രാധാകൃഷ്ണൻ, ആര്‍ പി രവി എന്നിവര്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയും 10000 രൂപ പിഴ ഒടുക്കുകയും ചെയ്യണം. കോയമ്പത്തൂര്‍ കോടതിയുടേതാണ് വിധി. 

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്വദേശിയായ  വ്യവസായിയെ പറ്റിച്ച കേസില്‍ സരിത എസ് നായര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തടവ് ശിക്ഷ. കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്ന പേരിൽ കോയമ്പത്തൂർ സ്വദേശിയായ ബിസിനസുകാരന്‍റെ കയ്യില്‍ നിന്ന് 26 ലക്ഷം വെട്ടിച്ച കേസിലാണ് കോടതി വിധി. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണൻ, ആര്‍ പി രവി എന്നിവര്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയും 10000 രൂപ പിഴ ഒടുക്കുകയും ചെയ്യണം. കോയമ്പത്തൂര്‍ കോടതിയുടേതാണ് വിധി. 

കോയമ്പത്തൂര്‍ വടവള്ളി രാജ്‍നാരായണന്‍ ടെക്സ്‍റ്റൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ ത്യാഗരാജന്‍ നല്‍കിയ കേസിലാണ് കോടതി ഉത്തരവുണ്ടായത്. ഇന്‍റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി  ആന്‍റ് മാനേജ്മെന്‍റ് സര്‍വ്വീസസ് എന്ന പേരില്‍ സരിത നായര്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ബിജു രാധാകൃഷ്ണന്‍ മാനേജിംഗ് ഡയറക്ടറും ആര്‍ പി രവി ഡയറക്ടറുമായി തുടങ്ങിയ കമ്പനിയില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് 26 ലക്ഷം തന്‍റെ കയ്യില്‍ നിന്ന് തട്ടിച്ചെന്നായിരുന്നു ത്യാഗരാജന്‍റെ ഹര്‍ജി. 

കൂടാതെ വിവിധ കമ്പനികളില്‍ തന്‍റെ പേരുകൂടി ചേര്‍ത്ത പരസ്യം നല്‍കുകയല്ലാതെ ഒന്നും സ്ഥാപിച്ചില്ലെന്നും ഹര്‍ജിയില്‍ ത്യാഗരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ സമയങ്ങളില്‍ ബിജു രാധാകൃഷ്ണനെ കോടതി വിളിപ്പിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ബിജുവിനെതിരെ അറസ്റ്റ് വാറണ്ട് വരെ  കോടതി പുറപ്പെടുവിച്ചിരുന്നു. മൂന്നുപേര്‍ക്കുമെതിരെ മറ്റ് ചില വ്യവസായികള്‍ നല്‍കിയ സമാന പരാതികള്‍ കോടതിയുടെ പരിഗണനയിലാണ്. 

click me!