പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് നേതാവ് സഫാരി സൈനുൽ ആബിദീൻ. പ്രവാസികൾക്കായി സർക്കാർ വാഗ്ദാനം ചെയ്ത പുനരധിവാസ പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കോഴിക്കോട്: കേരള സമ്പദ് വ്യവസ്ഥയെ ഇളകാതെ പിടിച്ചു നിർത്തുന്ന പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസാസിയുമായ സഫാരി സൈനുല്‍ ആബിദീന്‍ ആവശ്യപ്പെട്ടു. ഈ സർക്കാറിന്റെ അവസാന ബജറ്റിലെങ്കിലും സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഇതിനായി പ്രത്യേക നിധി രൂപീകരിക്കണം. നിലവിൽ രക്ഷിതാവ് പ്രവാസിയാണെങ്കിൽ കുട്ടികൾക്ക് എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുന്ന സ്ഥിതിയാണ്. കുടുംബത്തിന്റെയും നാടിന്റെയും സമ്പദ് വ്യവസ്ഥ നിലനിർത്താൻ ജീവിതം ഹോമിക്കുന്നവരാണ് പ്രവാസികളെന്നും സൈനുല്‍ ആബിദീന്‍ പറഞ്ഞു.

പ്രവാസം കൊണ്ട് രക്ഷപ്പെട്ട ഏതാനും പേരെ നോക്കി ഭൂരിപക്ഷം വരുന്ന പ്രവാസികളുടെ മക്കൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം. തിരിച്ചെത്തുന്ന പ്രവാസികൾക്ക് ശരിയായ പിന്തുണ നൽകിയാൽ വർഷങ്ങൾ കൊണ്ട് അവർ നേടിയെടുത്ത നൈപുണ്യം നാടിന്റെ സാമ്പത്തിക വികസനത്തിന് മുതൽക്കൂട്ടാകും. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങളോട് നിരന്തരം മുഖംതിരിക്കുന്ന അവസ്ഥ ഇക്കാര്യങ്ങളിൽ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.