കാരുണ്യത്താൽ സൗദിയിലെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു, നാട്ടിലെത്തി രാസലഹരി ശൃംഖലയുടെ മുഖ്യകണ്ണിയായി; ഒടുവിൽ തൂഫാനിൽ കുടുങ്ങി

Published : Jul 17, 2026, 07:24 PM IST
Saudi death row survivor drug case

Synopsis

സൗദി അറേബ്യയിൽ കൊലക്കേസിൽ വധശിക്ഷയിൽ നിന്ന് ദിയാധനം നൽകി മോചിതനായ കണ്ണൂർ സ്വദേശി ഫസലുദ്ദീൻ നാട്ടിൽ രാസലഹരി കേസിൽ അറസ്റ്റിലായി. തട്ടുകടയുടെ മറവിൽ മെത്താംഫെറ്റമിൻ വിൽപന നടത്തിയ ഇയാളെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് ഇരിട്ടി പൊലീസ് പിടികൂടിയത്.

സൗദി അറേബ്യയിലെ പ്രമാദമായ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പ്രവാസി സമൂഹത്തിന്‍റെയും സുമനസ്സുകളുടെയും കാരുണ്യത്തിൽ ലക്ഷങ്ങൾ ദിയാധനം (മോചനദ്രവ്യം) നൽകി മോചിതനാവുകയും ചെയ്ത പ്രതി നാട്ടിൽ രാസലഹരി കേസിൽ പിടിയിലായി. കണ്ണൂർ കരിക്കോട്ടക്കരി വളയംകോട് സ്വദേശി ടി ഫസലുദ്ദീനെയാണ് (44) മെത്താംഫെറ്റമിൻ വിൽപനയ്ക്കിടെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടുകടയുടെ മറവിലായിരുന്നു ഇയാളുടെ മയക്കുമരുന്ന് കച്ചവടമെന്ന് പൊലീസ് പറഞ്ഞു. കേരള പൊലീസിന്‍റെ പ്രത്യേക ലഹരിവിരുദ്ധ കാമ്പയിനായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് സംസ്ഥാനാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ ഫസലുദ്ദീനെ വലയിലാക്കിയത്.

പ്രവാസി ലോകത്തെ പിടിച്ചുകുലുക്കിയ അഷറഫ് കൊലക്കേസ്

2008 മേയിലാണ് കേസിനാസ്പദമായ കൊലപാതകം റിയാദിൽ നടക്കുന്നത്. റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഫസലുദ്ദീനും കൂട്ടാളികളും ചേർന്ന്, ഒന്നിച്ച് താമസിച്ചിരുന്ന മംഗലാപുരം സ്വദേശി അഷറഫിനെ സാമ്പത്തിക തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി പൊതുമാലിന്യ പെട്ടിയിൽ തള്ളാൻ ശ്രമിക്കുന്നതിനിടെയാണ് ഫസലുദ്ദീൻ ഉൾപ്പെടെയുള്ള നാല് മലയാളികളെ സൗദി മതകാര്യ പൊലീസ് കൈയോടെ പിടികൂടിയത്. തുടർന്ന് സൗദി കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചു.

ഉമ്മൻചാണ്ടിയുടെ ഇടപെടലും സി കെ മേനോന്‍റെ കാരുണ്യവും

പ്രതികളുടെ കുടുംബത്തിന്‍റെ ദയനീയാവസ്ഥ പരിഗണിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും നോർക്കയും വിഷയത്തിൽ ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പരേതനായ ശിവദാസൻ, നോർക്ക കൺസൽട്ടന്റ് ശിഹാബ് കൊട്ടുകാട്, മറ്റ് സാമൂഹികപ്രവർത്തകർ എന്നിവർ കൊല്ലപ്പെട്ട അഷറഫിന്റെ പിതാവുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് 80 ലക്ഷം രൂപ ദിയാധനം നൽകി മാപ്പ് ഉറപ്പാക്കിയത്. പ്രമുഖ പ്രവാസി വ്യവസായി പരേതനായ ഡോ. സി കെ മേനോൻ ഈ ഭീമമായ തുക റിയാദിലെ കോടതിയിൽ കെട്ടിവെക്കാൻ തയ്യാറായതോടെയാണ് പ്രതികളുടെ മോചനത്തിന് വഴിതുറന്നത്. വർഷങ്ങൾ നീണ്ട നിയമ നടപടികൾക്കൊടുവിൽ ഫസലുദ്ദീൻ അൽ ഹായിർ ജയിലിൽ നിന്നും മോചിതനായി നാട്ടിലെത്തി.

വഴിത്തിരിവായത് ഫോൺ രേഖകൾ

നാട്ടിലെത്തിയ ഫസലുദ്ദീൻ താൻ കർണാടകയിൽ ജോലി ചെയ്യുകയാണെന്നാണ് നാട്ടുകാരെ ധരിപ്പിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ ഇയാൾ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന ലഹരി മാഫിയയുടെ ഭാഗമായെന്ന് പൊലീസ് പറയുന്നു. നേരത്തെ ടൂറിസ്റ്റ് ബസിൽ എംഡിഎംഎ കടത്തിയ കേസിൽ റിമാൻഡിലായിരുന്ന പടിയൂർ സ്വദേശി ഡെന്നി ഏബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതാണ് ഈ കേസിൽ വഴിത്തിരിവായത്. ഡെന്നിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫസലുദ്ദീന്റെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതോടെയാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെ ഫസലുദ്ദീന്‍റെ പങ്ക് വ്യക്തമായതെന്ന് പൊലീസ് പറയുന്നു. തുടർന്ന് രാസലഹരിയുമായി ഇരിട്ടി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

തങ്ങളുടെ അധ്വാനത്തിന്‍റെ വിഹിതം നൽകിയും സുമനസ്സുകളുടെ കാരുണ്യം കൊണ്ടും വധശിക്ഷയുടെ കയറിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഒരാൾ, നാടിനെ നശിപ്പിക്കുന്ന ലഹരി മാഫിയയുടെ ഭാഗമായത് വിശ്വസിക്കാനാകുന്നില്ലെന്നാണ് നാട്ടുകാരും പ്രവാസികളും ഒരേ സ്വരത്തിൽ പറയുന്നത്. തങ്ങളെ സഹായിച്ചവരെ പോലും ലജ്ജിപ്പിക്കുന്ന ക്രൂരമായ നന്ദികേടാണ് ഇയാൾ കാട്ടിയതെന്ന് പ്രവാസി സംഘടനകൾ പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആ ഇടിമുറി കണ്ട് പൊലീസ് അമ്പരന്നു, പണി തീരാത്ത കെട്ടിടത്തിന് പിറകിൽ കുഴിയും; കിളിമാനൂരിൽ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികള്‍ക്കായി തെരച്ചില്‍
ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം ശരിയാക്കാൻ ഉറപ്പിച്ച് ആരോഗ്യ മന്ത്രി; 2 മാസം സമയം, നിർബന്ധിത പരിശീലനം ഏർപ്പെടുത്തി കെ മുരളീധരൻ