ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

By Web TeamFirst Published Jan 10, 2020, 11:37 AM IST
Highlights

വേമ്പനാട് കായലിലെ നെടിയത്തുരുത് ദ്വീപിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയാനാണ് സുപ്രീംകോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. മരടില്‍ അനധികൃതമായി നിര്‍മ്മിച്ച നാല് റിസോര്‍ട്ടുകള്‍ പൊളിച്ചു കളയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 

ദില്ലി: മരടിലെ ഫ്ലാറ്റുകള്‍ക്ക് പിന്നാലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിയമിച്ച കേരളത്തിലെ മറ്റൊരു റിസോര്‍ട്ട് കൂടി പൊളിച്ചു കളയാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.  ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിൽ ഉള്ള നെടിയത്തുരുത് ദ്വീപിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയാനാണ് സുപ്രീംകോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. 

തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു കളയാന്‍ നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവ് വന്നിരിക്കുന്നത്. 

ജസ്റ്റിസ്  ആർ. എഫ് നരിമാൻ അധ്യക്ഷൻ ആയ ബെഞ്ച് ആണ് കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയണമെന്ന് വിധിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിൽ ഉള്ള നെടിയത്തുരുത് ദ്വീപിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിച്ച് നീക്കണം എന്ന് 2013ൽ ആണ് ഇപ്പൊൾ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് കെ.എം ജോസഫിന്റെ നേതൃത്വത്തിൽ ഉള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. 

തീരദേശ നിയമം ലംഘിച്ച് മരടിൽ നിർമിച്ച നാല്‌ ഫ്ളാറ്റുകൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിപുലമായ തയ്യാറെടുപ്പുകളോടെ സംസ്ഥാന സര്‍ക്കാര്‍ പൊളിച്ചു കളയാന്‍ ഒരുങ്ങുകയാണ്. ഇതിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് മറ്റൊരു റിസോര്‍ട്ട് കൂടി പൊളിച്ചുകളയാനുള്ള വഴിയൊരുങ്ങുന്നത്. 

click me!