
ആലപ്പുഴ: എസ്ഡിപിഐ (SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ വാഹനമിടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച കാർ (Car) കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാർ കണ്ടെത്തിയത്. ഇന്നലെ മുതൽ സംശയാസ്പദമായ നിലയിൽ കാർ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാരാരിക്കുളം പൊലീസ് സംഘമെത്തി കാർ പരിശോധിച്ച് പ്രതികളുടേതെന്ന് സ്ഥിരീകരിച്ചു.
അതേ സമയം എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലക്കേസിലെമുഖ്യ ആസൂത്രകരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. ആർഎസ്എസ് പ്രവർത്തകനായ പ്രസാദാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകൻ. കൊലപാതകത്തിനുള്ള പ്ലാൻ തയ്യാറാക്കിയതും ആളുകളെ ഏകോപിപ്പിച്ചതും വണ്ടി സംഘടിപ്പിച്ചതും പ്രസാദാണ്. ഷാൻ വധക്കേസിൽ പത്ത് പേരുടെ പങ്കാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇവരിൽ എട്ടുപേരാണ് ഇനി പിടിയിലാകാനുള്ളത്. ഇതു കൂടാതെ ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിച്ചു വരികയാണ്.
സർവകക്ഷി യോഗം നാളെ
ആലപ്പുഴയിൽ രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സമാധാനം പുനസ്ഥാപിക്കാനായി ജില്ലാകളക്ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗം നാളെ നടക്കും. നേരത്തെ വിട്ടുനിന്ന ബിജെപിയും നാളത്തെ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ.
സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്‍റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam