
കൊല്ലം: കൊല്ലത്തും തൃശൂരും ആലപ്പുഴയിലും എൻഡിഎ, ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി. കൊല്ലത്ത് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രികയാണ് തള്ളിയത്. ഇരുമ്പനങ്ങാട് ഡിവിഷൻ സ്ഥാനാർത്ഥി ആർ.ടി.സുജിത്തിന്‍റെ പത്രികയാണ് തള്ളിയത്. സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ച് ഒപ്പിട്ടയാള്‍ ഡിവിഷന് പുറത്തു നിന്നുള്ളയാളായതാണ് കാരണം. തൃശൂരിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളി. പട്ടികജാതി വനിതാ സംവരണമായ പതിനെട്ടാം വാർഡിലെ സ്ഥാനാർത്ഥി ഇ.എസ് ഷൈബിയുടെ പത്രികയാണ് തള്ളിയത് പത്രികക്കൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നതാണ് കാരണം. ആലപ്പുഴ നഗരസഭയിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. ആലപ്പുഴ വാടയ്ക്കൽ വാർഡിലെ ബിജെപി സ്ഥാനാർത്ഥി കെ.കെ. പൊന്നപ്പന്‍റെ പത്രിക ആണ് തള്ളിയത്. മുൻപ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്‍റെ കണക്കുകളും രേഖകളും ഹാജരാക്കാതിരുന്നതിനാലാണ് പത്രിക തള്ളിയത്. ഇവിടെ ബിജെപിക്ക് ഡമ്മി സ്ഥാനാർത്ഥിയില്ല. ഇതോടെ ഈ സീറ്റിൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യമാണ് ബിജെപിക്കുള്ളത്. തൃശൂര്‍ എടക്കഴിയൂർ ഡിവിഷനിലെ ബി ജെ പി യുടെ പത്രിക തള്ളി. സബിത ചന്ദ്രന്‍റെ പത്രികയാണ് തള്ളിയത്. പോസ്റ്റ്ഓഫീസ് ജീവനക്കാരിയാണ് സബിത ചന്ദ്രൻ
പാലക്കാട് നഗരസഭയിലെ എൽഡിഎഫിന്റെ രണ്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളി. നഗരസഭയിലെ വാർഡ് 50- കർണ്ണകി നഗർ വെസ്റ്റ്, വാർഡ് 51 -വടക്കന്തറ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രികകളാണ് തള്ളിയത്. മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പ് കണക്ക് സമർപ്പിക്കാത്തതിനെ തുടർന്നാണ് നടപടി. പാലക്കാട് നെല്ലിയാമ്പതി ഒന്നാം വാർഡ് പുലയംമ്പാറ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രികയും തള്ളി. സംവരണ സർടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടർന്നാണ് തള്ളിയത്.
തൃശൂര്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ മന്ദലാംകുന്ന് ഡിവിഷനിൽ സിപിഎം സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. സബിത സദാനന്ദന്‍റെ പത്രികയാണ് തള്ളിയത്. ഗുരുവായുർ ദേവസ്വം ജീവനക്കാരി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തള്ളിയത്. കോട്ടയം പാമ്പാടി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക തള്ളി. 9-ാം വാർഡിൽ മത്സരിക്കുന്ന രമണി മത്തായിയുടെ പത്രികയാണ് തള്ളിയത്. മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിച്ച കണക്ക് നൽകാത്തതിനെ തുടർന്നാണ് തള്ളിയത്.