Mullaperiyar : മുല്ലപ്പെരിയാറില്‍ 7 ഷട്ടർ തുറന്നു; 2944.77 ഘനയടി വെള്ളം പുറത്തേക്ക്, പെരിയാര്‍ തീരത്ത് ജാഗ്രത

By Web TeamFirst Published Dec 2, 2021, 5:01 PM IST
Highlights

യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്നലെ അർധരാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തി 8000 ഘനയടിയിലധികം വെള്ളം തമിഴ്നാട് പെരിയാറിലേക്ക് ഒഴുക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ  (Mullaperiyar dam ) ഏഴ് ഷട്ടറുകള്‍ തുറന്നു. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2944.77 ഘനയടി വെള്ളമാണ് സ്പില്‍വേ വഴി പുറത്തേക്ക് ഒഴുക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്നലെ അർധരാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തി 8000 ഘനയടിയിലധികം വെള്ളം തമിഴ്നാട് പെരിയാറിലേക്ക് ഒഴുക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പുലർച്ചെ രണ്ടരയ്ക്കാണ് തമിഴ്നാട് എട്ട് ഷട്ടറുകൾ 60 സെൻറിമീറ്റർ വീതം ഉയർത്തി വെളളം തുറന്നുവിട്ടത്.  

വിവരമറിഞ്ഞ റവന്യൂ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നിരുന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ നാട്ടുകാര്‍ വീടുവിട്ട് റോഡിലേക്കിറങ്ങി. മുന്നരയോടെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ തുറന്നുവിട്ട വെള്ളത്തിന്‍റെ അളവ് എണ്ണായിരം ഘനയടിയിലധികമായി. മഞ്ചുമല ആറ്റോരം, കശ്ശിക്കാട് ആറ്റോരം എന്നിവിടങ്ങളിലെ പത്തു വീടുകളിൽ വെള്ളം കയറി. കയ്യിൽ കിട്ടിയതും പെറുക്കി ആളുകൾ ഓടി രക്ഷപെട്ടു. ഈ സമയം അനൗണ്‍സ്മെന്‍റുമായെത്തിയ വാഹനം തടഞ്ഞ് തിരിച്ചയച്ചു. ഒപ്പം റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധം ഉണ്ടായി.

അഞ്ചരയോടെ ഷട്ടറുകൾ അടച്ച് തുടങ്ങിയപ്പോഴാണ് വീടുകളിൽ നിന്നും വെളളം ഇറങ്ങിയത്. പിന്നീട് പത്തു മണിയായപ്പോൾ വീണ്ടും മൂന്നു ഷട്ടറുകൾ ഉയർത്തി. ആശങ്കയിലായ പെരിയാർ തീരദേശവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.  കൊട്ടാരക്കര ദിണ്ടുക്കൾ ദേശീയ പാതയും വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനും ഉപരോധിച്ചു.

click me!