ജിഷ്ണു ഷാജി വീണ്ടും വയനാട് ജില്ലാ സെക്രട്ടറി, ജോയൽ പ്രസിഡന്റ്; ജില്ലാ കമ്മിറ്റി പുനഃസ്ഥാപിച്ച് എസ്എഫ്ഐ

Published : Sep 06, 2022, 02:57 PM ISTUpdated : Sep 06, 2022, 03:19 PM IST
ജിഷ്ണു ഷാജി  വീണ്ടും വയനാട് ജില്ലാ സെക്രട്ടറി, ജോയൽ പ്രസിഡന്റ്; ജില്ലാ കമ്മിറ്റി പുനഃസ്ഥാപിച്ച് എസ്എഫ്ഐ

Synopsis

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് ആക്രമണത്തിന് പിന്നാലെയാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടത്. ഈ നടപടി റദ്ദാക്കി

വയനാട്: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട നടപടി റദ്ദാക്കി. ജില്ലാ സെക്രട്ടറിയായി ജിഷ്ണു ഷാജിയും പ്രസിഡന്റായി ജോയൽ ജോസഫും തുടരും. പതിനൊന്നംഗ ജില്ലാ കമ്മിറ്റിയെ വീണ്ടും തെരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കൺവെൻഷനിലാണ് തീരുമാനം. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് ആക്രമണത്തിന് പിന്നാലെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റിയുടെ ചുമതല കൈമാറുകയും ചെയ്തിരുന്നു. രണ്ട് മാസമായി ഈ അഡ്ഹോക് കമ്മിറ്റിയാണ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്.

കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായതിന് പിന്നാലെ, സംസ്ഥാന സെന്റർ അംഗങ്ങൾ പങ്കെടുത്ത യോഗമാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത്. പകരം ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിരുന്നു. താത്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. ദേശീയ തലത്തിൽ വരെ വിവാദമായ സംഭവത്തിൽ കർശന നടപടി വേണമെന്ന് സിപിഎം നേതൃത്വം എസ്എഫ്ഐയോട് ആവശ്യപ്പെട്ടിരുന്നു. 


രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ എസ്എഫ്ഐ കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങളും നേരത്തെ തള്ളിയിരുന്നു. വയനാട് എസ്എഫ്ഐയുടെ പ്രവൃത്തിയെ പിന്തുണയ്ക്കുന്നില്ലെന്നും അന്വേഷിച്ച് സംഘടനാപരമായ നടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേർക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും തള്ളിപ്പറയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിരുന്നു. സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തത് 29 എസ്എഫ്ഐ പ്രവർത്തകരാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ഇവരെ എല്ലാവരെയും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഓഫീസിൽ അതിക്രമിച്ച് കയറിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ബഫര്‍സോണ് ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് നടന്ന പ്രതിഷേധ മാർച്ചിനിടെയായിരുന്നു അക്രമം.

PREV
Read more Articles on
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്