
കണ്ണൂർ: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം അപ്രതീക്ഷിതമായി വന്ന ഒഴിവാണെന്നും ചർച്ചകൾ നടക്കുന്നുവെന്നും ഷാഫി പറമ്പിൽ എംപി. അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വൈകുന്നത് യൂത്ത് കോൺഗ്രസ് സമരങ്ങളെ ബാധിച്ചിട്ടില്ല. പ്രഖ്യാപനം ഏറെ വൈകാതെ ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ കാര്യത്തിൽ പെട്ടെന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇതുവരേയും തീരുമാനമായിട്ടില്ല. വൈസ് പ്രസിഡന്‍റ് ഒജെ ജനീഷ്, ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്.
വൈസ് പ്രസിഡന്‍റായി അബിൻ വര്‍ക്കിയെ പ്രസിഡന്‍റാക്കണമെന്ന് ഐ ഗ്രൂപ്പ് സമ്മര്‍ദ്ദം ശക്തമാക്കുന്നുവെങ്കിലും സാമുദായിക ഘടകം ചൂണ്ടിയാണ് മറുപക്ഷക്കാരുടെ എതിര്‍പ്പ്. കെഎം അഭിജിത്തിനായ എ ഗ്രൂപ്പ് വാദിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്. യുവതികളുടെ ലൈംഗിക ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ നിയോഗിക്കുന്നത്. നിര്‍ണായക സമയത്ത് പ്രസിഡന്‍റ് പദവി ഒഴിച്ചടരുതെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം.