
തിരുവനന്തപുരം: വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളുമായി വനിത കമ്മീഷൻ അംഗം ഡോ.ഷാഹിദ കമാൽ (Shahida Kamal). ഷാഹിദയുടെ വ്യാജഡോക്ടറേറ്റുമായി (Fake doctorate) ബന്ധപ്പെട്ടുള്ള പരാതിയിൽ ലോകായുക്തയിൽ നൽകിയ വിശദീകരണത്തിലാണ് വനിതാ കമ്മീഷൻ അംഗം വിചിത്രമായ പല വാദങ്ങളും ഉയർത്തുന്നത്.
കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെൻ്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയക്ക് നൽകിയ മറുപടിയിൽ പറയുന്നത്. സാമൂഹിക രംഗത്ത് താൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് നൽകിയ ഓണറ്റി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദ കമാലിൻ്റെ വിശദീകരണം.
തൻ്റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുകളുണ്ടെന്നും വനിതാ കമ്മീഷനിൽ ഷാഹിദാ കമാൽ സമ്മതിച്ചിട്ടുണ്ട്. 2009 ലും 2011ലും തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത വച്ചതിൽ പിഴവുണ്ടായെന്നാണ് ഷാഹിദ പറയുന്നത്. കേരള സർവ്വകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ രേഖ. എന്നാൽ 2016-ൽ അണ്ണാമല സർവ്വകലാശാലയിൽ നിന്നുമാണ് താൻ ഡിഗ്രി നേടിയതെന്നാണ് ഷാഹിദയുടെ വിശദീകരണം.
വട്ടപ്പാറ സ്വദേശി അഖില ഖാൻ നൽകിയ പരാതിയിലാണ് ലോകായുക്തഷാഹിദാ കമാലിന് നോട്ടീസയച്ചത്. ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ രേഖകള്‍ സമർപ്പിച്ചുവെന്നായിരുന്നു ഹർജി. ഷാഹിത കമാലിൻെറ ഡോക്ടറേറ്റും വ്യാജമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വ്യാജരേഖകളുടെ പിന്‍ബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെട്ട് സര്‍ക്കാരിനെയും ജനങ്ങളെയും ഷാഹിദ കമാൽ പറ്റിക്കുന്നുവെന്ന് ആരോപിച്ച് അഖില ഖാൻ ഡിജിപിക്കും പരാതി നൽകിയിരുന്നു. ബികോം പരീക്ഷ പാസാകാത്ത ഷാഹിദാ കമാലിന് എങ്ങിനെ ഡോക്ടറേറ്റ് കിട്ടിയെന്ന ചോദ്യം ഏഷ്യാനെറ്റ് ന്യൂസ് അവർ ചര്‍ച്ചയിലും അഖിലാ ഖാൻ ഉന്നയിച്ചിരുന്നു. ഷാഹിദ ബി.കോം പാസ്സായിട്ടില്ലെന്ന് കേരള സര്‍വകലാശാല നൽകിയ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ഇത് .
വിദ്യാഭ്യാസ യോഗ്യത ബികോം എന്നാണ് വനിതാ കമ്മീഷൻ അംഗമാകാൻ 2017നൽകിയ ബയോ ഡേറ്റയിൽ ഷാഹിദ നൽകിയിരിക്കുന്നത്. എന്നാൽ പിഎച്ച്ഡി നേടിയതായി 2018 ജൂലൈയിൽ ഷാഹിദ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു. കഴിഞ്ഞ 25ന് എഫ്.ബിയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പബ്ലിക് അഡ്മിനിട്രേഷനിൽ പിജി യും കൂടാതെ ഡി ലിറ്റും നേടിയെന്ന് പറയുന്നു. മുന്നു വര്‍ഷത്തിനിടെ നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥ അനുസരിച്ച് ഇത് അസാധ്യമാണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഷാഹിദ കുറ്റം ചെയ്തിട്ടുള്ളതിനാൽ നടപടി വേണമെന്നാണ് ആവശ്യം. പരാതിക്കൊപ്പം ഷാഹിദ ബികോം പാസായിട്ടില്ലെന്ന് കേരള സര്‍വകലാശാലിയിൽ നിന്ന് കിട്ടിയ വിവരാവകാശരേഖ, വനിതാ കമ്മീഷനിൽ സമര്‍പ്പിച്ച ബയോ ഡേറ്റ , തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത സത്യവാങ് മൂലം ,വനിതാ കമ്മീഷൻ വെബ്സൈറ്റ് സ്ക്രീന്‍ ഷോട്ട് എന്നിവയും ഫേസ് ബുക്ക് വീഡിയോയും പോസ്റ്റും നല്‍കിയിട്ടുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam