
കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. കൂടാതെ, 'വൃദ്ധസദനം' എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ആവശ്യമായ ബോധവൽക്കരണം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കാൻ അടിയന്തര ഭരണപരമായ നടപടികൾ സ്വീകരിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
'വൃദ്ധർ' എന്ന പദം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം ഉണ്ടാക്കുന്നുവെന്നും വർദ്ധിച്ചുവരുന്ന വയോജന ജനസംഖ്യ പരിഗണിച്ച് ഇത്തരം സ്ഥാപനങ്ങളുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് ഈ നടപടി. കഴിഞ്ഞ 2024 ഡിസംബർ 2-ലെ സർക്കാർ ഉത്തരവ് (നമ്പർ: 247/2024/SJD) പ്രകാരം വൃദ്ധസദനങ്ങളുടെ പേര് സ്നേഹാലയം എന്ന് മാറ്റിയതായി ഡയറക്ടർ കമ്മീഷനെ അറിയിച്ചിരുന്നെങ്കിലും, ഇപ്പോഴും പഴയ പേര് തന്നെയാണ് വ്യാപകമായി ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്മീഷന്റെ പുതിയ ഇടപെടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam