
പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഫ്ലയിങ് സ്‌ക്വാഡ് ഉടൻ സ്ഥലത്ത് എത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസാണ് പുറത്ത് വിട്ടത്. കണ്ണാടി പഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തക പണം കൊടുക്കുന്നു എന്ന് ആരോപിച്ചാണ് ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദേവു എന്ന വയോധികയുടെ വീടിന്‍റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തി. ഇതിന് പിന്നാലെ ഒരു യുവതി വൃദ്ധയുടെ വീട്ടിലെത്തി കൈയിലേക്ക് പണം നൽകുകയുമായിരുന്നു എന്നുമാണ് ആരോപണം. ഈ സമയം എൻഡിഎ സ്ഥാനാർത്ഥി കാറിൽ ഉണ്ടായിരുന്നെന്നും കോൺഗ്രസ് ആരോപിക്കുന്നു.
സംഭവത്തിൽ ബിജെപി പ്രവര്‍ത്തകയായ സിമിയുടെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ ചിത്രീകരിച്ച് പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറിയതെന്നും കോൺഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാൽ ഫ്ലൈയിങ് സ്ക്വാഡ് പ്രാഥമിക അന്വേഷണത്തിൽ, പണം നൽകിയെന്ന് ആരോപിക്കുന്ന ദേവു ഇക്കാര്യം നിഷേധിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam