സമ്മർദ്ദം ശക്തമാക്കാനൊരുങ്ങി ശോഭാ സുരേന്ദ്രൻ; ബിജെപി കേന്ദ്ര നേതൃത്വത്തെ കാണും

By Web TeamFirst Published Jan 19, 2021, 11:31 AM IST
Highlights

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കേരള യാത്ര നടത്തുന്നത്. ഇതിന് മുൻപ് പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ സമാന്തര യോഗങ്ങൾ വിളിക്കാനാണ് നീക്കം

പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രൻ വിഭാഗം സമ്മർദ്ദം ശക്തമാക്കുന്നു. സംസ്ഥാനത്തെ നേതാക്കൾ തമ്മിലുള്ള തമ്മിലടിക്ക് വേഗത്തിൽ പരിഹാരം കാണണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരുന്നെങ്കിലും യാതൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭയുടെ നീക്കം. തമ്മിലടിക്ക് പരിഹാരം കാണാൻ വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന ഔദ്യോഗിക പക്ഷം ശ്രമിക്കില്ലെന്നാണ് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരും കൃഷ്ണദാസ് പക്ഷവും ആരോപിക്കുന്നത്.

സമ്മർദ നീക്കത്തിന്‍റെ ഭാഗമായി ശോഭാ സുരേന്ദൻ അടുത്തയാഴ്ച കേന്ദ്ര നേതൃത്വത്തെ കാണും. കഴിയുമെങ്കിൽ അമിത് ഷായെയും ജെപി നദ്ദയെയും കണ്ട് കേരളത്തിലെ കാര്യങ്ങൾ ധരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. പാർട്ടി പദവികൾ അടക്കം കിട്ടുന്നതിന് വി മുരളീധരനും കെ സുരന്ദ്രനും അടങ്ങുന്ന ഔദ്യോഗിക പക്ഷം വിലങ്ങു തടിയാകുന്നെന്നാണ് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവ‍ർ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ ഫെബ്രുവരിയിലെ കേരള യാത്രക്ക് മുൻപ് തന്നെ സമവായം ഉണ്ടാക്കണമെന്നാണ് ആവശ്യം.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കേരള യാത്ര നടത്തുന്നത്. ഇതിന് മുൻപ് പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ സമാന്തര യോഗങ്ങൾ വിളിക്കാനാണ് നീക്കം. വടക്കൻ ജില്ലകളിലാവും കൂടുതൽ ശക്തമായ നിലയിൽ സമാന്തര യോഗങ്ങൾ വിളിക്കുക.

click me!