അഞ്ചലിലേത് വിചിത്രമായ കൊലപാതകമെന്ന് പൊലീസ്, ഭര്‍ത്താവ് സൂരജ് അടക്കം രണ്ട് പേര്‍ അറസ്റ്റിൽ

By Web TeamFirst Published May 24, 2020, 5:15 PM IST
Highlights

കൊലപാതകാരണം സാമ്പത്തിക ആവശ്യമാണ്. സൂരജ് കുടുംബ ജീവിതത്തിൽ  തൃപ്തനായിരുന്നില്ല. മൂന്ന് മാസം മുൻപാണ് ഗൂഢാലോചന തുടങ്ങിയത്.

കൊല്ലം: കൊല്ലം അഞ്ചലിലെ യുവതിയുടെ പാമ്പുകടിയേറ്റുള്ള മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു.   യുവതിയുടെ ഭര്‍ത്താവ് സൂരജ്, സുഹൃത്ത് സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്രയുടേത് വിചിത്രമായ കൊലപാതകമെന്ന് കൊട്ടാരക്കര റൂറൽ എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളെ 24 മണിക്കൂറുകള്‍ക്കുള്ളിൽ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങും. കൊലപാതക കാരണം സാമ്പത്തിക ആവശ്യമാണ്. ഉത്രയ്ക്കൊപ്പമുള്ള കുടുംബ ജീവിതത്തിൽ സൂരജ് തൃപ്തനായിരുന്നില്ല.

മൂന്ന് മാസം മുൻപാണ് ഇയാള്‍ ഗൂഢാലോചന തുടങ്ങിയത്. സുരേഷിൽ നിന്നും പാമ്പിനെ പതിനായിരം രൂപ നൽകി വാങ്ങിയാണ് കൊലപാതകം നടത്തിയത്. കൊലപാതകമായി ബന്ധമുള്ള എല്ലാം അന്വേഷിക്കുമെന്നും കൊട്ടാരക്കര റൂറൽ എസ്പി വ്യക്തമാക്കി. അതേ സമയം സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനും പാമ്പാട്ടിക്കും എതിരെ വനംവകുപ്പും കേസെടുക്കും. വനം വന്യജീവി വകുപ്പ് നിയമം അനുസരിച്ച് പാമ്പിനെ കൈവശം വച്ചതിനാണ് കേസെടുക്കുക. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച്  ഓഫീസില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

രാത്രി ഉത്രയുടെ മുകളിൽ കരിമൂർഖനെ കുടഞ്ഞിട്ടു, പാമ്പ് കടിക്കുന്നത് നോക്കി നിന്നു; സൂരജിന്റെ കുറ്റസമ്മതം

ഭർത്താവ് സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്. ഉത്രയുടെ ഭർത്താവ് സൂരജ് പതിനായിരം രൂപ നല്‍കി കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. 

'അവന്‍റെ പെങ്ങള്‍ക്ക് പഠിക്കാനുള്ള പണം നല്‍കിയതും ഞാനാണ്, മകളെ അപായപ്പെടുത്തുമെന്ന് കരുതിയില്ല'

വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. ശേഷം പാമ്പിനെ ഡ്രസിംഗ് റൂമിന്‍റെ മൂലയിലേയ്ക്കിട്ടു. അതിനുശേഷം അഞ്ചരയോടെ വീടിനുപുറത്തേക്ക് പോയി. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്. 

click me!