കൊല്ലം: ഉത്രയെയും തങ്ങളെയും സൂരജ് പലപ്പോഴും പണത്തിന്‍റെ പേരില്‍ ബുദ്ധിമുട്ടിച്ചിരുന്നതായും എന്നാല്‍ മകളെ അപായപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും കൊല്ലത്ത് പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട്. പലപ്പോഴായി  ആവശ്യപ്പെട്ട പണം മുഴുവന്‍ നല്‍കി. സൂരജിന്‍റെ കുടുംബാംഗങ്ങൾക്കും ഉത്രയുടെ മരണത്തില്‍ പങ്കുണ്ട്. സൂരജിന്‍റെ സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പണം നല്‍കുന്നതും താനായിരുന്നുവെന്നും ഉത്രയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു. 

ഉത്രയുടെ അച്ഛന്‍റെ വാക്കുകള്‍ 

ബ്രോക്കര്‍മാര്‍ വഴിയുള്ള അറേജ്ഡ് വിവാഹമായിരുന്നു ഉത്രയുടേയും സൂരജിന്‍റേതും. ക്ലറിക്കല്‍ ജോലിയായിരുന്നു സൂരജിനെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു. സാമ്പത്തിക തിരിമറിയുണ്ടായെന്നും 50000 രൂപ വേണമെന്നും പറഞ്ഞു. ഞാൻ അത് നല്‍കി. അതിന് ശേഷവും പലപ്പോഴായി പണം നല്‍കി.  ബെലനോ കാറ് വേണമെന്ന് പറഞ്ഞപ്പോള്‍ അത് വാങ്ങി നല്‍കി. വേറെ വണ്ടി വേണമെന്ന് പറഞ്ഞപ്പോള്‍ ബജാജിന്‍റെ മറ്റൊരു വാഹനവും വാങ്ങി നല്‍കി. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍സൂരജ് പണം ആവശ്യപ്പെട്ടു തുടങ്ങി. വിവാഹത്തിന്‍റെ സമയത്ത് കൊടുത്ത പണമെല്ലാം ആദ്യം തന്നെ അവര്‍ തീര്‍ത്തിരുന്നു. 

ആദ്യത്തെ തവണ പാമ്പ് കടിച്ചപ്പോള്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാണോയെന്ന സംശയം ഉത്രയുടെ അമ്മ ഉന്നയിച്ചിരുന്നു. ആ ദിവസം നടന്നതൊന്നും ഉത്രയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. അതിലാണ് സംശയം ഉണ്ടായത്.സൂരജിന്‍റെ സഹോദരിയുടെ വിദ്യാഭ്യാസത്തിന് പണം നല്‍കിയിരുന്നു. ടൂറിന് പോകാനുള്ള പണവും സെമസ്റ്റര്‍ പണവും അടച്ചിരുന്നതും താനായിരുന്നുവെന്നും ഉത്രയുടെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സൂരജിന്‍റെ കുടുംബാംഗങ്ങൾക്കും ഉത്രയുടെ മരണത്തില്‍ പങ്കുണ്ടെന്നും ഉത്രയുടെ അച്ഛൻ കൂട്ടിച്ചേര്‍ത്തു. 

"

 

അഞ്ചലില്‍ പാമ്പ് കടിയേറ്റ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. ഭർത്താവ് സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്. ഉത്രയുടെ ഭർത്താവ് സൂരജ് പതിനായിരം രൂപ നല്‍കി കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. 

വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. ശേഷം പാമ്പിനെ ഡ്രസിംഗ് റൂമിന്‍റെ മൂലയിലേയ്ക്കിട്ടു. അതിനുശേഷം അഞ്ചരയോടെ വീടിനുപുറത്തേക്ക് പോയി. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്.