ഉത്ര കൊലപാതകം: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ

By Web TeamFirst Published Aug 22, 2020, 1:53 PM IST
Highlights

അഞ്ചലിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ.

കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകക്കേസിൽ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അമ്മ രേണുകയെയും സഹോദരി സുര്യയെയും അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നും നാലും പ്രതികളായ ഇരുവരേയും അരൂരിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നേരത്തെ മൂന്ന് പ്രാവശ്യം സൂരജിന്‍റെ അമ്മയെയും സഹോദരിയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില വൈരുദ്ധ്യങ്ങളെ തുടര്‍ന്നാണ് ചോദ്യം ചെയ്യൽ നടന്നത്. ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതായി വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മരണത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായന്നാണ് കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

സൂരജിന്‍റെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി കേസിൽ ജാമ്യം അനുവദിച്ചിരുന്നു. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപടലുണ്ടായി. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ളത്. 

 

 

 

click me!