
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം കുറിക്കുന്ന ഒന്നാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അയൽസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഒഴുകുന്ന ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തി തകർക്കുക എന്ന ലക്ഷ്യത്തോടെ ആണ് യോഗം സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും സപ്ലൈ ചെയിൻ നിലനിൽക്കുന്നത് അയൽസംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിർത്തി ഗ്രാമങ്ങളിലുമാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് താഴേത്തട്ടിലുള്ള പൊലീസ് നടപടികൾക്കൊപ്പം മാക്രോ ലെവലിലുള്ള അന്തർസംസ്ഥാന സുരക്ഷാ ഏകോപനത്തിനും ആഭ്യന്തര വകുപ്പ് മുൻഗണന നൽകുന്നു. ലഹരി സിൻഡിക്കേറ്റുകളുടെ വേരറുക്കാൻ പ്രാദേശിക പ്രതിരോധത്തിനൊപ്പം അയൽസംസ്ഥാനങ്ങളുമായി ചേർന്നുള്ള സംയുക്ത പ്രതിരോധ ശൃംഖല എന്ന ഘട്ടത്തിലേക്ക് ഓപ്പറേഷൻ തൂഫാൻ കടക്കുകയാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
അയൽസംസ്ഥാനങ്ങളുമായി 'ഇൻ്റലിജൻസ് സിൻക്രോണിസിറ്റി' അഥവാ തത്സമയ വിവര കൈമാറ്റ സംവിധാനമാണ് കേരളം ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇന്നലെ ബംഗളൂരു വിധാൻസൗധയിൽ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ 'ഓപ്പറേഷൻ തൂഫാനു'മായി കർണാടക സർക്കാർ പൂർണമായും സഹകരിക്കും എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കൂടി ഒരു കേന്ദ്രീകൃത ശൃംഖലയിലേക്ക് കൊണ്ടുവരുന്നതിലൂടെ ലഹരിക്കടത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെയും ഇടപാടുകളെയും കൃത്യമായി മാപ്പ് ചെയ്യാൻ കേരളാ പൊലീസിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
അതിർത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധനകളിൽ ഒതുങ്ങാതെ അന്തർസംസ്ഥാന ട്രെയിനുകൾ, ദീർഘദൂര ബസുകൾ, സ്വകാര്യ കൊറിയർ ശൃംഖലകൾ എന്നിവ വഴിയുള്ള ലഹരി കൈമാറ്റങ്ങളെയും ഈ സംയുക്ത നീക്കം നിരീക്ഷിക്കും. സ്മാർട്ട് പെട്രോളിങ്ങും സൈബർ നിരീക്ഷണവും സംയുക്തമായി നടപ്പിലാക്കാനുള്ള ആലോചനകളും നാളത്തെ യോഗത്തിൽ ചർച്ചയാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam