പുരസ്കാര നിറവിൽ കേരളത്തിലെ കിർടാഡ്സ്. കേന്ദ്ര ഗോത്രവർഗ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിൽ രാജ്യത്തെ ഗോത്ര ഗവേഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്.

തിരുവനന്തപുരം: രാജ്യത്തെ മികച്ച ഗോത്ര ഗവേഷണ കേന്ദ്രമായി കേരളത്തിലെ കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്). കേന്ദ്ര ഗോത്രവർഗ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിൽ രാജ്യത്തെ ഗോത്ര ഗവേഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തി നൽകുന്ന പുരസ്കാരമാണിത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ പ്രവർത്തന മികവ്, ഈ വർഷത്തെ പദ്ധതികൾ, നയപരമായ ഇടപെടലുകൾ, ഗവേഷണ - പരിശീലന പ്രവർത്തനങ്ങൾ, വികസന പഠനങ്ങൾ, ഗോത്രവർഗ ക്ഷേമവുമായി ബന്ധപ്പെട്ട സമഗ്ര ഇടപെടലുകൾ എന്നിവ വിലയിരുത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ ഗോത്ര ഗവേഷണ കേന്ദ്രങ്ങളിൽ നിന്ന് കേരളത്തിലെ കിർടാഡ്സിനെ മികച്ച സ്ഥാപനമായി കേന്ദ്ര ഗോത്രവർഗ മന്ത്രാലയം തെരഞ്ഞെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1972-ൽ ഗോത്ര ഗവേഷണ-പരിശീലന കേന്ദ്രം എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം 1979-ൽ കിർടാഡ്സായി പുനഃസംഘടിപ്പിക്കപ്പെട്ടു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ഗവേഷണം, വികസന പഠനം, പരിശീലനം, നയരൂപീകരണത്തിന് ആവശ്യമായ അക്കാദമിക പിന്തുണ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന പ്രത്യേക ഡയറക്ടറേറ്റാണ് ഇന്ന് കിർടാഡ്സ്. കേരള സർക്കാരിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ഗവേഷണ സ്ഥാപനങ്ങളിലൊന്നായ കിർടാഡ്സിൽ ഗവേഷണ പഠനങ്ങൾ, വികസന പഠനങ്ങൾ, പരിശീലന പരിപാടികൾ, മൂല്യനിർണയ പഠനങ്ങൾ, ഡോക്ടറൽ ഗവേഷണങ്ങൾക്ക് പിന്തുണ, ഭാഷാ പഠനങ്ങൾ, സ്ഥിതിവിവര വിശകലനം, ഭൂപട പഠനം, ആദിവാസി പൈതൃക മ്യൂസിയം എന്നിവ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. സാമൂഹിക ശാസ്ത്ര മേഖലയിലെ സമ്പന്നമായ ഗ്രന്ഥശേഖരമുള്ള കിർടാഡ്സ് ലൈബ്രറിയും സ്ഥാപനത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്.

ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ദേശീയ ഗോത്ര ഗവേഷണ കേന്ദ്രങ്ങളുടെ ശില്പശാലയിൽ, കേന്ദ്ര ഗോത്രവർഗ മന്ത്രാലയ സെക്രട്ടറി രഞ്ജന ചോപ്രയിൽ നിന്ന് കിർടാഡ്സ് ഡയറക്ടർ ഡോ. ബിന്ദു എസ്. ദേശീയ അംഗീകാരം ഏറ്റുവാങ്ങി. മൊട്ട ജോയിൻ സെക്രട്ടറി ആനന്ദ് നാഗ പാണ്ടെ ഐഎഎസ്, റിസർച്ച് ഓഫീസർ സന്ധ്യ ശേഖർ ലക്ചറർ ഇന്ദു മേനോൻ , എസ്ടിഡിഡിയിലെ ജോയിന്റ് ഡയറക്ടർ ശ്രീരേഖ എന്നിവർ പങ്കെടുത്തു.

രാജ്യത്തെ മറ്റ് ഗോത്ര ഗവേഷണ കേന്ദ്രങ്ങൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് കേരളത്തിലെ കിർടാഡ്സ് നടത്തുന്നതെന്ന് വിലയിരുത്തിയ കേന്ദ്ര മന്ത്രാലയം, കേരളത്തെ മെന്റർ ഗോത്ര ഗവേഷണ കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ അക്കാദമിക മികവും ഗവേഷണശേഷിയും ഗോത്രവർഗ വികസനത്തിനായുള്ള പ്രതിബദ്ധതയും ദേശീയതലത്തിൽ വീണ്ടും അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ് ഈ നേട്ടം.