സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തൽ; 'മാല കിട്ടിയത് രാവിലെ അറിഞ്ഞെങ്കിലും ബിന്ദുവിനോട് പറഞ്ഞില്ല'

Published : May 19, 2025, 01:26 PM ISTUpdated : May 19, 2025, 01:29 PM IST
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തൽ; 'മാല കിട്ടിയത് രാവിലെ അറിഞ്ഞെങ്കിലും ബിന്ദുവിനോട് പറഞ്ഞില്ല'

Synopsis

3 ദിവസം മാത്രമാണ് പരാതി ഉന്നയിച്ച ആളുടെ വീട്ടിൽ ജോലി ചെയ്തത്. ആരോപണത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തപ്പോൾ വീട്ടുകാരെ വിവരം അറിയിച്ചില്ല.

തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിലെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. കേസ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായതായാണ് കണ്ടെത്തൽ. പരാതി കിട്ടുമ്പോൾ സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ പോലും പൊലീസ് സ്വീകരിച്ചില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിലുണ്ട്.

പരാതി കിട്ടിയതിന് പിന്നാലെ ബിന്ദുവിന്റെ പശ്ചാത്തലം പോലും അന്വേഷിക്കാതെ പൊലീസ് നടപടിയെടുത്തുവെന്നാണ് കണ്ടെത്തൽ. മുൻപ് ഒരു കേസ് പോലുമില്ലാത്ത വ്യക്തിയാണ് ബിന്ദു. 3 ദിവസം മാത്രമാണ് പരാതി ഉന്നയിച്ച ആളുടെ വീട്ടിൽ ജോലി ചെയ്തത്. ആരോപണത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തപ്പോൾ വീട്ടുകാരെ വിവരം അറിയിച്ചില്ല. മക്കളുടെ ഫോൺ കോൾ എടുക്കാൻ പോലും സമ്മതിച്ചില്ല. ഇത് ഗുരുതരമായ കൃത്യ വിലോപമാണ്. രാത്രി കസ്റ്റഡിയിൽ നിർത്തേണ്ട സാഹചര്യമില്ലെന്നിരിക്കെ പൊലീസ് സ്റ്റേഷനിൽ നിർത്തി. പിറ്റേന്ന് രാവിലെ തന്നെ മാല കിട്ടിയ കാര്യം പരാതിക്കാരി അറിയിച്ചതാണ്. വീട്ടിനുള്ളിലെ ചവറ്റു കുട്ടയിൽ നിന്നും കിട്ടിയെന്നാണ് പറഞ്ഞത്. എന്നിട്ടും ഇക്കാര്യം ബിന്ദുവിനെ അറിയിച്ചില്ല. 11 മണിയോടെ  ബന്ധുക്കൾ വന്നതിന് ശേഷമാണ്  ബിന്ധുവിനെ വിട്ടയക്കാൻ പൊലീസ് തയ്യാറായത്. 

ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താൻ മോഷ്ടിച്ചിട്ടില്ലെന്ന് പൊലീസുകാരുടെ കാലുപിടിച്ചു പറഞ്ഞിട്ടും എസ്ഐയും സംഘവും  ദളിത് സ്ത്രീക്ക് മുന്നില്‍ അധികാരം പ്രയോഗിച്ചുവെന്നാണ് കണ്ടെത്തൽ. അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേലാണ് വീട്ടുജോലിക്കാരിയായ ബിന്ദുവിനെതിരെ പൊലീസില്‍ മോഷണത്തിന പരാതി നല്‍കിയത്. സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെ  പേരൂര്‍ക്കട പൊലീസ് ബിന്ദുവിനോട് കാണിച്ചത് കൊടുംക്രൂരതയാണ്. കുടിക്കാന്‍ വെള്ളം പോലും കൊടുക്കാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യംചെയ്തു. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. പിറ്റേന്ന് വീട്ടില്‍നിന്ന് തന്നെ സ്വര്‍ണം കിട്ടിയതോടെ ബിന്ദുവിനെ പറഞ്ഞുവിടുകയായിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വനസംരക്ഷണത്തിന് കോടികള്‍, വന്യജീവി ആക്രമണ ഇരകള്‍ക്ക് നല്‍കാന്‍ പണമില്ല: യുഡിഎഫ്
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രിൽ ഇല്ല; മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വിഡി സതീശൻ