
കണ്ണൂർ: പയ്യന്നൂരിൽ വാഹനാപകടത്തിൽ ഒരു മരണം. തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശിനി ഖദീജയാണ് (58) മരിച്ചത്. അമിത വേഗതയിൽ എത്തിയ കാർ ഓട്ടോയിലും രണ്ട് ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. ഖദീജ ഓട്ടോയിലാണ് ഉണ്ടായിരുന്നത്. മൂന്ന് പേർക്ക് പരിക്കേറ്റു. നീലേശ്വരം സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ തിരുവനന്തപുരം വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻക്കര കാരക്കോണം മഞ്ചവിളാകം കൃഷ്ണ മന്ദിരത്തിൽ രാജേഷ് (34) ആണ് മരിച്ചത്. വഴയില പെട്രോൾ പമ്പിന് സമീപത്തുവച്ചാണ് അപകടം നടന്നത്.
തിരുവനന്തപുരത്തു നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഫാർമസി എക്സിക്യൂട്ടീവ് ആയ രാജേഷ് തന്‍റെ ആക്‌ടിവ സ്കൂട്ടറിൽ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ കല്ലിൽ തട്ടിയാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരു വാഹനവും ഒരേ ദിശയിലാണ് സഞ്ചരിച്ചിരുന്നത്. ബസിന്‍റെ പിൻഭാഗത്തെ ചക്രങ്ങൾ രാജേഷിന്‍റെ ദേഹത്ത് കൂടി കയറിയിറങ്ങി. സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് എടുത്തു.