സ്പ്രിംക്ളർ കരാറിലെ സർക്കാർ അന്വേഷണം പെരുവഴിയിൽ; 'ഒറ്റയ്ക്ക് എന്ത് ചെയ്യാനെന്ന്' കമ്മീഷന്‍

By Web TeamFirst Published Aug 12, 2020, 7:51 AM IST
Highlights

 മുൻ വ്യോമയാന സെക്രട്ടറി മാധവൻ നമ്പ്യാരും മുൻ അഡീ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും ഉൾപ്പെട്ടതായിരുന്നു അന്വേഷണ സമിതി. കൊവിഡ് തടസങ്ങൾ കാരണം ആദ്യ രണ്ടുമാസം ഒരു പരിശോധനയും ഉണ്ടായില്ല.

തിരുവനന്തപുരം: സ്പ്രിംക്ളർ കരാറിലെ സർക്കാർ അന്വേഷണം പെരുവഴിയിൽ. കരാറിലെ ആക്ഷേപങ്ങൾ അന്വേഷിക്കാൻ ഒരുമാസം കാലാവധി നിശ്ചയിച്ച് എപ്രിൽ 20നാണ് സര്‍ക്കാര്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ അന്വേഷണം നടത്തേണ്ട ഡോ.രാജീവ് സദാനന്ദനെ സർക്കാരിന്‍റെ കൊവിഡ് ഉപദേശകനാക്കിയതോടെ അന്വേഷണം പൊളിഞ്ഞു.

അമേരിക്കൻ കമ്പനിയുമായി തിരക്കിട്ട് എം.ശിവശങ്കർ കരാർ ഒപ്പിട്ടത് വിവാദമായപ്പോഴാണ് ഏപ്രിലിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ഒരുമാസം കാലാവധി നിശ്ചയിച്ച അന്വേഷണത്തിൽ നൂറ് ദിനങ്ങൾ പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ല. മുൻ വ്യോമയാന സെക്രട്ടറി മാധവൻ നമ്പ്യാരും മുൻ അഡീ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും ഉൾപ്പെട്ടതായിരുന്നു അന്വേഷണ സമിതി. കൊവിഡ് തടസങ്ങൾ കാരണം ആദ്യ രണ്ടുമാസം ഒരു പരിശോധനയും ഉണ്ടായില്ല.

ജൂലൈ മാസം മുൻ ആരോഗ്യവകുപ്പ് സെക്രട്ടറിയായി രാജീവ് സദാനന്ദൻ ദില്ലിയിൽ നിന്നും കൊവിഡ് പ്രതിരോധത്തിന് മാർഗനിർദ്ദേശം നൽകാൻ കേരളത്തിലെത്തി. തുടർന്ന് സ്പ്രിംക്ളർ കമ്മീഷൻ മാധവൻ നമ്പ്യാരിൽ ഒതുങ്ങി. അന്വേഷണ പുരോഗതിയെ കുറിച്ച് ചോദിക്കുമ്പോൾ ഒറ്റക്ക് എന്ത് ചെയ്യാൻ കഴിയും എന്ന മറുപടിയാണ് മാധവൻ നമ്പ്യാർ നൽകുന്നത്.

സ്പ്രിംക്ളറിന് സ്വകാര്യവിവരങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞോയെന്നും കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണോ കരാർ ഒപ്പിട്ടത്, തിരക്കിട്ട് കരാർ ഒപ്പിടാൻ മാത്രം അസാധാരണ സാഹചര്യം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സമിതി അന്വേഷിക്കേണ്ടത്. എന്നാല്‍ അന്വേഷണം പ്രഖ്യാപിച്ച്  മാസങ്ങള്‍ കഴിഞ്ഞിട്ടം ഒരു നടപടിയും ഉണ്ടായിയിട്ടില്ല.

സർക്കാരിനെ വെട്ടിലാക്കിയ സ്പ്രിംക്ളർ ഇടപാടിൽ വിവാദം മറികടക്കാനുള്ള തന്ത്രം മാത്രമായിരുന്നോ അന്വേഷണ പ്രഖ്യാപനം എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. ഇതിലേക്ക് വിരൽചൂണ്ടുന്നതാണ് സ്പ്രിംക്ളർ സമിതിയുടെ സ്തംഭനാവസ്ഥ.

click me!