
പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കത്തില്‍ അനാവശ്യ ഇടപെടൽ നടത്തരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. വീട്ടുടുമയായിരുന്ന സ്ത്രീയുടെ മകൻ്റെ ഹർജിയിലാണ് കോടതി ഉത്തരവ്. ആഭ്യന്തര വകുപ്പ് സെക്രട്ടറി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, അടൂർ എസ്എച്ച്ഒ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. ബന്ധമില്ലാത്ത ആൾ അനധികൃതമായി റേഷൻ കാർഡിൽ പേര് ചേർത്തു എന്നാണ് കുടുംബത്തിൻ്റെ പരാതി. ഇതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് പൊലീസിന് കോടതി നിർദ്ദേശം നല്‍കിയത്. വ്യാജരേഖ നൽകി മറ്റൊരാളുടെ റേഷൻ കാർഡിൽ പേര് ചേർത്തുവെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ പരാതി. പരാതിയിൽ അടൂർ പൊലീസ് റേഷനിങ്ങ് ഇൻസ്പെക്ടറോട് പൊലീസ് റിപ്പോർട്ട് തേടിയിരുന്നു.
വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിയിരുന്നു. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കലാണ് ഇതെന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ആരോപണം. കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നത്. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിടുകയായിരുന്നു. നേതൃത്വവുമായി ഇടഞ്ഞാണ് ശ്രീനാദേവി കുഞ്ഞമ്മ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam