ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകം; നാല് പ്രതികളെ കസ്റ്റഡിയിൽ വിട്ടു

By Web TeamFirst Published Apr 28, 2022, 8:52 PM IST
Highlights

കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്ത്രവും കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികളെ കസ്റ്റഡിയിൽ വിട്ടു. ഇഖ്ബാൽ, മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, അഷറഫ് എന്നിവരെ ഞായറാഴ്ച ഉച്ചയ്ക്ക് 12വരെയാണ് കോടതി കസ്റ്റഡ‍ിയിൽ വിട്ടിരിക്കുന്നത്. 

ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ പാലക്കാട് നഗര മധ്യത്തിലെ കടയിലെത്തി ആറംഗ സംഘം ക്രൂരമായി കൊലപെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്ത്രവും കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. പ്രതി അബ്ദുറഹ്മാനുമായി നടത്തിയ തെളിവെടുപ്പിൽ കല്ലേക്കാട് നിന്നാണ് ആയുധം കണ്ടെത്തിയത്.

ശ്രീനിവാസൻ്റെ ആറംഗ കൊലയാളി സംഘത്തിലെ മൂന്നു പേരും, ഗൂഡാലോചനയിൽ പങ്കാളികളായ പത്തുപേരുമാണ് ഇതിനോടകം അറസ്റ്റിലായത്. കൊലപാതകം നടത്തിയ അബ്ദുറഹ്മാൻ, വാഹനമോടിച്ച ഫിറോസ് എന്നിവരെയാണ് കൃത്യം നടത്തിയ സ്ഥലത്തും രക്ഷപെട്ട വഴികളിലെത്തിച്ചും തെളിവെടുപ്പ് നടത്തിയത്. കല്ലേക്കാട് അഞ്ചാംമൈലിലെ ആളൊഴിഞ്ഞ പറമ്പിലാണ് ആയുധം ഉപേക്ഷിച്ചിരുന്നത്. വെള്ളകവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ചോരപുരണ്ട കൊടുവാൾ. മുണ്ടൂർ തൂത സംസ്ഥാന പാതയിലെ നിലവിളിക്കുന്ന് എന്ന പ്രദേശത്താണ് വസ്ത്രങ്ങൾ ഉപേക്ഷിച്ചത്. ഇറിഗേഷൻ്റെ കണക്ഷൻ വാൽവിനുള്ള കുഴിയിൽ കവറിൽ കെട്ടിയിട്ട നിലയിലായിരുന്നു അബ്ദുറഹ്മാൻ്റെ ചോര പുരണ്ട വസ്ത്രങ്ങൾ. അമ്പത് മീറ്റർ അകലെ ഫിറോസിൻ്റെ ടീ ഷർട്ടും കണ്ടെത്തി. മേലാമുറിയിലും പ്രതികളെ എത്തിച്ചിരുന്നു.

click me!