സംസ്ഥാനം ഇനി പരീക്ഷാ ചൂടിൽ; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം

By Web TeamFirst Published Apr 8, 2021, 6:26 AM IST
Highlights

കൊവിഡ് സാഹചര്യത്തിൽ ഭൂരിഭാഗവും ഓൺലൈനായി ക്ലാസുകൾ നടത്തിയ അധ്യായനവർഷമായിരുന്നു ഇത്. വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുത്ത് എഴുതാനായി ഇരട്ടിയിലധികം ചോദ്യങ്ങളും ഇത്തവണത്തെ ചോദ്യപ്പേപ്പറിൽ ഉണ്ടായിരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും. സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാർത്ഥികളാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതുന്നത്. ഇന്ന് രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും. എസ്എസ്എല്‍സി പരീക്ഷ ഇന്ന് മുതല്‍ ഏപ്രിൽ 12വരെ ഉച്ചക്ക് ശേഷവും ഏപ്രിൽ 15 മുതല്‍ രാവിലെയുമാണ് നടക്കുക.

റംസാൻ നോമ്പ് പരിഗണിച്ചാണ് ഈ മാസം 15 മുതൽ എസ്എസ്എൽസി പരീക്ഷ രാവിലേയ്ക്കു മാറ്റുന്നത്. ഇന്ന് മുതൽ 12 വരെ ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ നടക്കുക. ഏപ്രിൽ 15 മുതല്‍ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. 29നാണ് എസ്എസ്എൽസി വിഭാഗത്തിലെ അവസാന പരീക്ഷ.

കൊവിഡ് സാഹചര്യത്തിൽ ഭൂരിഭാഗവും ഓൺലൈനായി ക്ലാസുകൾ നടത്തിയ അധ്യായനവർഷമായിരുന്നു ഇത്. പരീക്ഷയ്ക്ക് ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ ഏതൊക്കെയെന്ന് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുത്ത് എഴുതാനായി ഇരട്ടിയിലധികം ചോദ്യങ്ങളും ഇത്തവണത്തെ ചോദ്യപ്പേപ്പറിൽ ഉണ്ടായിരിക്കും. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിർദേശങ്ങളാണുള്ളത്. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക മുറിയിൽ ഇരുത്തണം. കുടിവെള്ളം ഉൾപ്പടെ വിദ്യാർത്ഥികൾ സ്വന്തമായി കരുതണം തുടങ്ങിയ നിർദേശങ്ങളാണുള്ളത്.

ഈ വർഷം 4,22,226 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,15,660 പേര്‍ ആണ്‍കുട്ടികളും 2,06,566 പേര്‍ പെണ്‍കുട്ടികളുമാണ്. എസ്എസ്എൽസി പരീക്ഷയ്ക്കായി 2947 പരീക്ഷാകേന്ദ്രങ്ങൾ സജ്ജമായിക്കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ രാവിലെ 9.40 മുതൽ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ 26ന് സമാപിക്കും. വിഎച്ച്എസ്ഇ ഏപ്രിൽ 9 മുതലാണ് ആരംഭിക്കുക.

2004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാർത്ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുക. ഇതിൽ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്. മാർച്ച്‌ 17മുതൽ നടക്കാനിരുന്ന പരീക്ഷകൾ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഏപ്രിൽ 8ലേക്ക് മാറ്റിയത്.
ഇന്നലെ പൂർത്തിയായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം അധ്യാപകർ നാളെ മുതൽ പരീക്ഷാ ജോലിയിലേക്ക് പ്രവേശിക്കുകയാണ്.

click me!