
കൊല്ലം: കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരപീഡനം. എട്ടുവയസുള്ള കുട്ടിയെ രണ്ടാനച്ഛൻ അയൺബോക്സ് ചൂടാക്കി കാലിൽ പൊള്ളിച്ചു. കുട്ടി വികൃതി കാട്ടിയതിനാണ് പൊള്ളിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ദിവസം മുൻപാണ് എട്ടു വയസുള്ള കുട്ടി രണ്ടാനച്ഛൻ്റെ അതിക്രമത്തിന് ഇരയായത്. വികൃതി കാണിച്ചതിന് അയൺബോക്സ് ചൂടാക്കി പൊള്ളിച്ചു. കാലിനാണ് പൊള്ളലേറ്റത്. എന്നാൽ ഇക്കാര്യം പുറത്ത് അറിയിച്ചില്ല. അങ്കണവാടിക്കാരാണ് വിവരം മനസിലാക്കിയത്. തുടർന്ന് ചൈൽഡ് ലൈനെയും സിഡബ്ല്യുസിയെയും അറിയിച്ചു. വിവരം തെക്കുംഭാഗം പൊലീസിന് കൈമാറി. പൊലീസ് വീട്ടിൽ എത്തി പരിശോധന നടത്തി.
രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട്, ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രണ്ടാനച്ഛൻ നേരത്തെയും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കത്തി ചൂടാക്കിയും പൊള്ളിച്ചിട്ടുണ്ടെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ അമ്മ വിദേശത്താണ്. രണ്ട് ഇളയ സഹോദരങ്ങളും മുത്തശ്ശിയും വീട്ടിലുണ്ട്. സിഡബ്ല്യുസി അധികൃതർ കുട്ടിക്ക് വൈദ്യ സഹായം ലഭ്യമാക്കി. സുരക്ഷ കണക്കിലെടുത്ത് കുട്ടിയെ ഏറ്റെടുക്കുന്നതിനെ കുറിച്ചും സിഡബ്ല്യുസി ആലോചിക്കുന്നുണ്ട്.
ഇതിനിടെ, ആലപ്പുഴ നൂറനാട് കുട്ടിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണശ്രമമുണ്ടായി. പൊലീസ് എത്തും മുൻപ് ഇയാൾ സ്ഥലംവിട്ടു. പിതാവിനെയും രണ്ടാനമ്മയെയും ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശ കമ്മീഷനും അറിയിച്ചു. നിലവിൽ നാലാം ക്ലാസുകാരിയുടെ പിതാവിനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ചീത്ത വിളിച്ചതിനും മർദിക്കുന്നതിനും ബിഎൻസ് 296B, 115 എന്നി വകുപ്പുകളും ജെ ജെ ആക്ടിലെ 75 ആം വകുപ്പുമാണ് ഇവർക്കെതിരെ ചുമത്തിയത്.