
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്. ഇന്ദിരാ ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ആക്രമണത്തിൽ തകർന്നു. സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രിയ്ക്ക് എതിരെ വിമാനത്തിന് അകത്ത് പ്രതിഷേധം ഉണ്ടായതിനെതിരെ തിരുവനന്തപുരത്തടക്കം പലയിടത്തും ഇടതുമുന്നണി പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്.
സിപിഎം പ്രവർത്തകരുടെ വലിയ സംഘമാണ് ഓഫീസിന് മുന്നിലെത്തിയതെന്ന് നേതാക്കൾ പറഞ്ഞു. എകെ ആന്റണി ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. ഇന്ദിരാ ഭവന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയ സിപിഎം പ്രവർത്തകർ നേതാക്കളെ അസഭ്യം പറഞ്ഞെന്നും കല്ലെറിഞ്ഞെന്നുമാണ് ആരോപണം. കാറിന്റെ ചില്ല് അടിച്ചുതകർക്കാൻ ശ്രമം ഉണ്ടായെന്നും ആരോപണമുണ്ട്. നിരവധി സിപിഎം പ്രവർത്തകർ ഈ സമയത്ത് പുറത്ത് റോഡിൽ ഉണ്ടായിരുന്നുവെന്നും നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സംഭവത്തിന് ശേഷം പുറത്തിറങ്ങിയ എകെ ആന്റണി കെപിസിസിയിൽ ഈ കാണിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. പാർട്ടി ആസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam