അട്ടപ്പാടിയിൽ മൂന്ന് വയസുകാരനെ തെരുവുനായ ആക്രമിച്ചു; കണ്ണൂരിലും ശല്യം രൂക്ഷം,യോഗം വിളിച്ച് ജില്ലാ പ‍ഞ്ചായത്ത്

By Web TeamFirst Published Sep 11, 2022, 10:26 AM IST
Highlights

വീട്ടുമുറ്റത്ത് നിൽക്കെയാണ് നായ ആക്രമിച്ചത്. മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ മൂന്നു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ മൂന്ന് വയസ്സുകാരനാണ് തെരുവുനായയുടെ കടിയേറ്റത്. തിരുവോണ നാളിൽ വീട്ടുമുറ്റത്ത് നിൽക്കെയാണ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പട്ടാമ്പി വിളയൂരിൽ വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചിരുന്നു. നായ ഓടിക്കുന്നതിനിടെ വീണ സാബിത്തിന് പരിക്കേറ്റിട്ടുണ്ട്. 

വയനാട്ടിൽ ജോലി കഴിഞ്ഞു മടങ്ങിയ കർഷകനെയും ആടിനെ മേയ്ക്കാൻ പോയ വിദ്യാർത്ഥിനിയെയും തെരുവുനായ ആക്രമിച്ചു. മാടത്തുംപാറ കോളനിയിലെ പതിനാലുകാരി സുമിത്രയ്ക്കാണ് മുഖത്ത് ഗുരുതരമായി കടിയേറ്റത്. 

 തൃശ്ശൂരിൽ നായ കുറുകെ ചാടി, സ്കൂട്ടർ യാത്രക്കാരന് പരിക്ക്

അതിനിടെ, രൂക്ഷമായ തെരുവുനായ ശല്യം നേരിടാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു. ഈ മാസം 14 ന് ആണ് യോഗം വിളിച്ചിട്ടുള്ളത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടി ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ വ്യക്തമാക്കി.

കാസർകോ‌ട് തെരുവ് നായക്ക് പിന്നാലെ കുറുക്കന്റെ ആക്രമണം; ആളുകൾക്കും വളർത്തുമൃ​ഗങ്ങൾക്കും കടിയേറ്റു
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ കാസര്‍കോട്ട് കുറുക്കന്‍റെ ആക്രമണവും. പടന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആളുകളേയും വളര്‍ത്ത് മൃഗങ്ങളേയും കുറുക്കന്‍ ആക്രമിച്ചു. പടന്ന പഞ്ചായത്തിലെ മാച്ചിക്കാട്, ആയിറ്റി എന്നിവിടങ്ങളിലാണ് കുറുക്കന്‍റെ ആക്രമണം. മാച്ചിക്കാട്ടെ പ്രഭാകരനെ കുറുക്കന്‍ മാന്തി പരിക്കേല്‍പ്പിച്ചു. ഭാസ്ക്കരനെ ആക്രമിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.

ശാസ്താംകോട്ടയിലെത്തിയ സഞ്ചാരികൾക്ക് നേരെ തെരുവ് നായ ആക്രമണം: ആറ് വയസ്സുകാരനടക്കം മൂന്ന് പേ‍ര്‍ക്ക് കടിയേറ്റു

ശാസ്താംകോട്ടയിൽ തെരുവ് നായയുടെ കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബം ചികിത്സയിൽ. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. കാലിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് കുടുംബം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

click me!