ഫ്രാൻസിസ് സ‌ഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ ഇടിച്ച് ഫ്രാൻസിസ് വീണു

തൃശ്ശൂർ: തൃശ്ശൂർ കോടന്നൂരിൽ നായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു. തൃശ്ശൂർ പുത്തൻ റോഡ് സ്വദേശി ഫ്രാൻസിസിനാണ് പരിക്കേറ്റത്. ഫ്രാൻസിസ് സ‌ഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ ഇടിച്ച് ഫ്രാൻസിസ് വീണു. പരിക്കേറ്റ ഫ്രാൻസിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മലപ്പുറത്തും യുവാവ് മരിച്ചിരുന്നു. മലപ്പുറം ഐക്കരപ്പടി സ്വദേശി സൗരവാണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന കാരാട്പറമ്പ് രാഹുല്‍ ശങ്കറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മലപ്പുറം കാരാട് പറമ്പ് സ്ഥാനാര്‍ത്ഥി പടിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്‍റെ ഗേറ്റിൽ ഇടിച്ചു മറിയുകയായിരുന്നു. ഡെക്കറേഷന്‍ ജോലി ചെയ്യുന്ന തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടം. 

നായ കുറുകെച്ചാടി, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

തൃശ്ശൂരിൽ തന്നെ, കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റിരുന്നു. ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പിന്നാലെ ഓടിയ പട്ടിയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. തിപ്പലിശ്ശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനിക്ക് (35) ആണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഷൈനിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കേരളത്തിൽ തെരുവ് നായ പ്രശ്നം ഗുരുതരമെന്ന് സുപ്രീംകോടതി: ഇടക്കാല ഉത്തരവ് സെപ്തംബർ 28-ന്

കേരളത്തിലെ തെരുവ് നായ പ്രശ്നം ഗൗരവത്തോടെ കാണുന്നുവെന്ന് സുപ്രീംകോടതി. തെരുവുനായ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുൾപ്പടെ നൽകിയ ഹർജികളിൽ ഈ മാസം 28ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് കോടതി അറിയിച്ചു. തെരുവിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയം പഠിച്ച ജസ്റ്റിസ് സിരിജഗൻ കമ്മീഷനിൽ നിന്ന് റിപ്പോർട്ട് തേടാനും കോടതി തീരുമാനിച്ചു.