വയനാട്: സുൽത്താൻ ബത്തേരിയിലെ ഗവ. സ‍ർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഷെഹ്‍ല ഷെറിന് കൃത്യമായ ചികിത്സ കിട്ടാൻ വൈകിയതായും വ്യക്തമാകുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും പിന്നീട് പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിക്കാനും കൃത്യമായ ചികിത്സ നൽകാനും വൈകി. നാല് ആശുപത്രികളിലാണ് ഷഹലയെ കൊണ്ടുപോയത്. രണ്ട് ആശുപത്രികളിൽ കൊണ്ടുപോയിട്ടും കുട്ടിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ബന്ധുക്കളോട് വ്യക്തമായി പറഞ്ഞില്ലെന്ന ആരോപണമാണ് ഉയരുന്നത്. പാമ്പുകടിയേറ്റ ഒരു കുട്ടിയ്ക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ വന്ന ഗുരുതര വീഴ്ചയുടെ ചിത്രമാണ് ഇതിലൂടെ തെളിയുന്നത്. 

പാമ്പ് കടിയേറ്റ വിദ്യാർത്ഥിയുടെ ശരീരത്തിൽ വിഷം കയറിയതായി തെളിഞ്ഞിട്ടും ആന്റിവെനം നൽകിയില്ലെന്നാണ് വ്യക്തമാകുന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയുടെ രക്തത്തിന്‍റെ ടെസ്റ്റ് നടത്തിയത്. വിഷം കയറിയതായി സ്ഥിരീകരിച്ചിട്ടും ആന്റിവെനം നൽകാതെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചുവെന്ന സൂചനയാണിപ്പോൾ പുറത്തുവരുന്നത്. ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഷഹലക്ക് ക്ലാസ് റൂമിൽ വച്ച് പാന്പ് കടിയേറ്റത് ഉച്ച തിരിഞ്ഞ് ഏതാണ്ട് മൂന്നേകാലോടെയാണ്. രണ്ട് ആശുപത്രികളിൽ കൊണ്ടുപോയിട്ടും എന്താണ് പ്രശ്നമെന്ന് കണ്ടെത്തിയില്ല. അപ്പോഴേക്കും പാന്പ് കടിയേറ്റ് ഒരു മണിക്കൂർ കഴിഞ്ഞിരുന്നു. തുട‍ർന്ന് കോഴിക്കോട്ടേക്ക് പോകും വഴി ആരോഗ്യനില വഷളായി. അതോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ചേലോട് ഗുഡ് ഷെപ്പേർഡ് ആശുപത്രിയിലെത്തിച്ചു. ആറ് മണിയോടെ ഷഹലയുടെ മരണം സംഭവിക്കുകയായിരുന്നു. 

ഇക്കാര്യം സ്ഥിരീകരിക്കുകയാണ് കുട്ടിയുടെ അച്ഛന്‍റെ സഹോദരനായ ഷാനവാസ്. 

''വലിയ അനാസ്ഥ തന്നെയാണുണ്ടായത്. മൂന്നേകാലോടെയാണ് കുട്ടിയ്ക്ക് പാമ്പുകടിയേൽക്കുന്നത്. എന്നിട്ട് ഇവിടത്തെ ടീച്ചർമാരെന്താ ചെയ്തത്? കുട്ടിയെ സ്റ്റാഫ് റൂമിലെത്തിച്ചപ്പോൾ അധ്യാപകർ ചോര വരുന്ന ഇടത്ത് വെറും വെള്ളമൊഴിച്ച് ഇരുത്തുകയാണ് ചെയ്തത്. അനാസ്ഥയല്ലേ ഇത്? കുട്ടിയുടെ അച്ഛൻ കൽപ്പറ്റ കോടതിയിലാണ്. കുട്ടിയുടെ അച്ഛൻ വരുന്നത് വരെ ഇവര് കാത്തിരുന്നു. ഒരു ടീച്ചറും മാഷും മാത്രമല്ലല്ലോ ഇവിടെയുള്ളത്? ഏതൊക്കെയോ ആശുപത്രികളിൽ കൊണ്ടുപോയെന്ന് പറയുന്നു. എത്ര സമയമാണ് പോയത്? അവിടെയൊന്നും മരുന്നുണ്ടായില്ലേ'', എന്ന് ഷാനവാസ്.

ബത്തേരി താലൂക്കാശുപത്രിയിൽ മരുന്നുണ്ടായിരുന്നില്ല എന്നും ബന്ധുക്കൾ പറയുന്നുണ്ട്. ഇവിടെ മുക്കാൽ മണിക്കൂർ നിന്നിട്ടും എന്താണ് കുട്ടിക്ക് സംഭവിച്ചതെന്നതിന്‍റെ കാരണം കണ്ടെത്താനായില്ല. എന്നാൽ ജില്ലയിൽ എല്ലാ ആശുപത്രികളിൽ ആന്‍റി - വെനം (വിഷത്തിനുള്ള മരുന്ന്) ഉണ്ടെന്നാണ് ഡിഎംഒ ഡോ. രേണുക പറയുന്നത്. എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് ചികിത്സ വൈകിയതെന്നും വിശദമായി അന്വേഷിച്ച ശേഷമേ പറയാൻ കഴിയൂ എന്നും വയനാട് ഡിഎംഒ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ഡിഎംഒ ഡെപ്യൂട്ടി ഡിഎംഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഉച്ച തിരിഞ്ഞ് രണ്ടാമത്തെ പിരീഡിലാണ് കുട്ടിയ്ക്ക് പാമ്പ് കടിയേൽക്കുന്നത്. എന്നാൽ ക്ലാസ്സിൽ വന്ന് നോക്കിയ സയൻസ് അധ്യാപകൻ ഷജിലാകട്ടെ കുട്ടിയെ ആശുപത്രിയിൽ ഇപ്പോൾ കൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ചു. കുട്ടിയെ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി ഇരുത്തി. കാലിൽ അൽപം വെള്ളമൊഴിച്ച് കൊടുത്തു. രക്ഷിതാക്കൾ വരട്ടെ എന്ന് തീരുമാനിച്ചു. അധ്യാപകൻ അടുത്ത പീരിഡിലും പഠിപ്പിക്കുകയും ചെയ്തു. 

''ഷജിൽ സാറിനോട് ഞാൻ പറഞ്ഞതാ, പാമ്പ് കടിച്ചതാ സാറേ, ആശൂത്രി കൊണ്ടുപോണം എന്ന്. കാലില് രണ്ട് കുത്ത് കണ്ടപ്പോൾത്തന്നെ എനിക്ക് മനസ്സിലായി. വേണ്ട, ആ കുട്ടിയുടെ അച്ഛൻ വന്ന് കൊണ്ടുപോയ്ക്കോളും എന്നാ സാറ് പറഞ്ഞത്'', ഷഹലയുടെ ക്ലാസിലെ കുട്ടി പറയുന്നു. 

''ആ കുട്ടി അവിടിരുന്ന് പറയുന്നുണ്ടായിരുന്നു, പാമ്പ് കടിച്ചതാ, ആശുപത്രീ കൊണ്ടുപോണം എന്ന്. ആരും കേട്ടില്ല'', എന്ന് മറ്റൊരു കുട്ടി.

''ഇവിടെ ടീച്ചർമാർക്കെല്ലാം കാറും ഒക്കെണ്ട്. എന്നിട്ട് അവരല്ല, ഞങ്ങളാണ് ആശുപത്രീല് പോണമെന്ന് പറഞ്ഞത്, അവർക്ക് ആ വേദനയില്ലായിരിക്കും, ഞങ്ങൾക്കാ വേദനയുണ്ട്'', എന്ന് ഷഹലയുടെ മറ്റൊരു സഹപാഠി.

ചുരുക്കത്തിൽ അധ്യാപകരുടെ ഭാഗത്ത് നിന്നും ചികിത്സ നൽകാനായി കൊണ്ടുപോയ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് വ്യക്തമാകുന്നത്. വ്യക്തമായ ചിത്രമെന്തെന്ന് ഇനിയും അധികൃതർ തുറന്ന് പറയാനും തയ്യാറാകുന്നില്ല. പാമ്പ് കടിയേറ്റെന്ന് വ്യക്തമായ ഒരു കുട്ടിയ്ക്ക് ആന്‍റി വെനം നൽകാതെ, പരിശോധനയ്ക്ക് വേണ്ടി മാത്രം ഏതാണ്ട് ഒരു മണിക്കൂർ നേരം കാത്ത് നിർത്തി, കുട്ടിയുടെ നില തീർത്തും വഷളായപ്പോൾ മാത്രം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിൽ ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്. ഷെഹ്‍ല ഷെറിൻ എന്ന അഞ്ചാം ക്ലാസ്സുകാരിയുടെ മരണത്തിന് സംവിധാനങ്ങളിലെ ഗുരുതരമായ പാളിച്ചകൾ കാരണമായോ എന്നും അന്വേഷണവിധേയമാകണം.