
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുഞ്ഞിന്‍റെ ജീവനെടുത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയാണെന്ന് വിഡി സതീശന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അപകടകരമായ രീതിയില്‍ വൈദ്യുതി ലൈന്‍ കടന്നു പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നസ് ലഭിച്ചത്? സി.പി.എം നേതൃത്വത്തിലുള്ള സ്‌കൂള്‍ ആയതു കൊണ്ടാണോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്? എന്നീ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയ മിഥുന്‍ എന്ന 13 കാരനാണ് ജീവന്‍ നഷ്ടമായത്. വൈദ്യുത കമ്പിയിൽ തട്ടിയായിരുന്നു അപകടം.
വിഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
'കൊല്ലം തേവലക്കരയില്‍ ഒരു മകനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയില്‍ നഷ്ടമായത്. വിദ്യാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും? അപകടകരമായ രീതിയില്‍ വൈദ്യുതി ലൈന്‍ കടന്നു പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നസ് ലഭിച്ചത്? സി.പി.എം നേതൃത്വത്തിലുള്ള സ്‌കൂള്‍ ആയതു കൊണ്ടാണോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്? അതോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണോ സ്‌കൂള്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത്? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കുമുണ്ട്. അഞ്ചു വര്‍ഷം മുന്‍പാണ് വയനാട്ടില്‍ പത്തു വയസുകാരി ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് മരിച്ചത്. ഇന്ന് മറ്റൊരു കുഞ്ഞ് വൈദ്യുതാഘാതമേറ്റും. എന്ത് സുരക്ഷയാണ് നമ്മുടെ സ്‌കൂളുകളിലുള്ളത്? ഇനിയെങ്കിലും സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും തയാറാകണം. ആരോഗ്യ, ഉന്നത വിദ്യാഭ്യാസ രംഗത്തിനു പുറമെ ഗുരുതരമായ അനാസ്ഥയാണ് പൊതുവിദ്യാഭ്യാസ മേഖലയിലും. എല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥ. ചോദിക്കാനും പറയാനും ഇവിടെ ഒരു സര്‍ക്കാരില്ല.'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam