
പാലക്കാട് : മണ്ണാർക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്. അബ്ദുൽ മുത്തലിബിന്റെ മകൻ മുഹമ്മദ് ഷാമിലിനാണ് പരുക്കേറ്റത്. കുട്ടിയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. പയ്യനെടത്തു നിന്ന് മണ്ണാർക്കാട്ടേക്ക് പോകുകയായിരുന്ന ശിഫ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഷാമിൽ. കുന്തിപ്പുഴ പാലത്തിനു സമീപത്തെ വളവ് തിരിയുന്നതിനിടെ തെറിച്ചു വീഴുകയായിരുന്നു. വാഹനത്തിന്റെ ഓട്ടോമാറ്റിക് വാതിൽ അടഞ്ഞിരുന്നില്ലെന്നാണ് യാത്രക്കാരിൽ നിന്നും ലഭിച്ച വിവരം.
അതേ സമയം, ആലപ്പുഴയില്‍ മറ്റൊരു ബസ് അപകടമുണ്ടായി. കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് പനക്കൽ മസ്ജിദിന് സമീപം കോഴിപ്പറമ്പിൽ സിയാദ് - സഫീല ദമ്പതികളുടെ മകൾ സഫ്ന സിയാദ് (15) ആണ് മരിച്ചത്. ട്യൂഷൻ സെന്ററിലേക്ക് പോകാനായി റോഡ് മറികടക്കവേയാണ് അപകടം നടന്നത്. എതിരെ വന്ന കെ എസ് ആർ ടി സി ബസ് സഫ്നയെ ഇടിച്ചിടുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ കോമളപുരത്തായിരുന്നു അപകടം. സ്വകാര്യ ബസിലെ യാത്ര കഴിഞ്ഞിറങ്ങി കോമളപുരത്തെ ട്യൂഷൻ ക്ലാസിലേക്ക് പോകുവാൻ റോഡ് മറികടക്കവേ ഈ ബസിനെ മറികടന്ന് വന്ന കെ എസ് ആർ ടി സി ബസ് ഇടിക്കുകയായിരുന്നു. തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി സഫ്ന സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ആലപ്പുഴ നോർത്ത് പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കലവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സഫ്ന. പ്ലസ് ടു വിദ്യാർത്ഥിയായ സഫീദ് ഏക സഹോദരനാണ്. ഖബറടക്കം നാളെ (ഞായർ) മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam