
കൊല്ലം : കൊല്ലം ഉമയനല്ലൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ സ്‌കൂൾ ബസാണ് മറിഞ്ഞത്. പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം. കുട്ടികളുമായെത്തിയ ബസ്, മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്. സ്‌കൂൾ ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കൊട്ടിയം പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
വൈകി എത്തിയ കുട്ടികളെ പുറത്താക്കി അധികൃതർ സ്കൂൾ ഗേറ്റ് അടച്ചു
വിദ്യാർത്ഥികളോട് സ്കൂളിന്റെ ക്രൂരത. വൈകി എത്തിയ കുട്ടികളെ പുറത്താക്കി അധികൃതർ സ്കൂൾ ഗേറ്റ് അടച്ചു പൂട്ടി. ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. അധികൃതരുടെ നടപടിയെ തുടര്‍ന്ന് 25 ഓളം വിദ്യാർത്ഥികൾ സ്കൂളിനുള്ളിലേക്ക് കയറാനാകാതെ ഒരു മണിക്കൂറോളം റോഡിൽ നിന്നു. കുട്ടികൾ അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് ഈ ക്രൂരതയെന്നാണ് രക്ഷിതാക്കൾ പറയുന്നത്. എന്നാൽ സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്ന നിലപാടിലാണ് സ്കൂൾ അധികൃതര്‍. രാവിലെ ഒമ്പത് മണിക്കാണ് സ്കൂളിൽ ബെൽ അടിക്കുന്നതെന്നും 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ മാത്തുക്കുട്ടി വർഗീസ് അവകാശപ്പെട്ടു. ക്ലാസിൽ വരാതെ കറങ്ങി നടക്കുന്നവരാണ് ഈ കുട്ടികളെന്നും അക്കാരണത്താലാണ് സ്കൂളിൽ നിന്നും പുറത്താക്കി ഗേറ്റ് അടച്ച് പൂട്ടിയതെന്നും പ്രിൻസിപ്പൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടികൾ ഗേറ്റിന് മുന്നിൽ റോഡിൽ നിൽക്കുന്ന ദൃശ്യങ്ങൾ സഹിതം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത് നൽകിയതിന് പിന്നാലെ സംഭവം വിവാദമാവുകയും വിദ്യാര്‍ഥികളെ പിന്നീട് സ്കൂളിനകത്തേക്ക് കയറ്റുകയുമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam