
പാലക്കാട്: അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ. കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് അനുമോദനത്തിൽ പങ്കെടുത്ത വിദ്യർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെടി ജലീലിൻ്റെ പെരുമാറ്റം അപമാനമായി തോന്നിയില്ല. സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് ഞങ്ങൾക്ക് തോന്നിയതെന്നും വിദ്യാർത്ഥികൾ പറയുന്നു. മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് വിവാദമായ സംഭവം ഉണ്ടായത്. ബോർഡിൽ എഴുതിയ കുട്ടികളെ പിശക് ചൂണ്ടിക്കാട്ടി മുൻമന്ത്രി കെടി ജലീൽ ചെവിക്ക് നുള്ളുകയായിരുന്നു.
ചെറിയ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു. സ്കൂളിലെ അധ്യാപകർ ചെയ്യുന്നത് പോലെ വെറുതെ പിടിച്ചതാണ്. വേറെ കുഴപ്പമൊന്നും ഉണ്ടായില്ല. ഹിന്ദിയിൽ കുറച്ച് എഴുതാനറിയാമോ എന്ന് ചോദിച്ചപ്പോൾ എഴുതിയിരുന്നു. അതിൽ ചെറിയ പിശകുണ്ടായിരുന്നു. അത് സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ ശരിയാക്കിത്തന്നുവെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കുട്ടികൾ പറയുന്നു.
അതേസമയം, കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയ കെടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെവി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.
മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ് എസ് എൽസി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ടി. ജലീൽ. ചടങ്ങിൽ ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തി മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇതിൽ ചെറിയ പിഴവുകൾ വരുത്തിയപ്പോൾ, "എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ?" എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ വെച്ച് കുട്ടികളെ ശാസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു എന്നാണ് ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam