
തൃശൂര്‍: തൃശൂരിൽ യുവാവിന്‍റ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുന്നയൂരിൽ യോഗം വിളിച്ചു. പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് യോഗം ചേർന്നത്. പഞ്ചായത്ത് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. മരിച്ച യുവാവിന്‍റെ റൂട്ട് മാപ്പ് തയാറാക്കി. ഇയാളുമായി സമ്പർക്കപ്പട്ടികയിലുള്ളവരെയും കണ്ടെത്തി. ഇവരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുരഞ്ഞിയൂരിലെ ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരുടെ യോഗം നാളെ ചേരും. മരിച്ച യുവാവിന്‍റെ പരിശോധനാ ഫലം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ടി വി സുരേന്ദ്രൻ അറിയിച്ചു.
മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച ഇരുപത്തിരണ്ടുകാരന്‍റെ സ്രവ സാമ്പിൾ പരിശോധനാ ഫലം ഇന്ന് വരും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആലപ്പുഴ വൈറോളജി ലാബിലേക്കാണ് സാമ്പൾ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഈ മാസം 21ന് യുഎഇയിൽ നിന്ന് എത്തിയ യുവാവ് ഇന്നലെയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സംസ്കരിച്ചു. കുടുംബാംഗങ്ങളെ ക്വാറന്‍റീൻ ചെയ്തിരിക്കുകയാണ്. അമ്മ, സഹോദരി, ഒരു സുഹൃത്ത് എന്നിവരുമായാണ് യുവാവിന് സമ്പര്‍ക്കം ഉണ്ടായിരുന്നത്. വിമാനത്തിൽ ഒപ്പമെത്തിയവരുടെയും ആശുപത്രികളില്‍ ഉണ്ടായിരുന്നവരുടെയും പട്ടിക തയ്യാറാക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ 21ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍എത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ഇന്നലെ മരിച്ചു. സംശയത്തെ തുടര്‍ന്നാണ് സ്രവ സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. അതിനിടെ, നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിലായിരുന്ന ഏഴ് പേർക്ക് മങ്കിപോക്സ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവർ ആലുവ ജില്ലാ സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധയിലാണ് എഴ് പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.
Read Also : Monkeypox Symptoms : 'വേദന കൊണ്ട് അലറിക്കരയാൻ തോന്നി'; മങ്കിപോക്സ് അനുഭവം പങ്കുവച്ച് രോഗി
അതേസമയം, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം പുറത്ത് വന്നു. എ.2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി. യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി.വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ. 2 വിന് കുറവാണ്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും സാമ്പിളുകള്‍ ജനിത ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കി. ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 75 രാജ്യങ്ങളിലായി ഇരുപതിനായിരം പേര്‍ക്ക് ഇതിനോടകം മങ്കിപോക്സ് പിടിപെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam